ടാറ്റാ ട്രസ്റ്റ് – ടാറ്റാ സണ്സ് ബോർഡ് ഭിന്നത രൂക്ഷമാകുന്നു. എൻ ചന്ദ്രശേഖരന്റെ പുനർനിയമന തീരുമാനം നിയമവിരുദ്ധമെന്നാവർത്തിച്ച് ടാറ്റാ ട്രസ്റ്റ്. ടാറ്റാ സൺസ് ചെയർമാനായി എൻ ചന്ദ്രശേഖരനെ വീണ്ടും നിയമിച്ച തീരുമാനം അസാധുവാണെന്ന് ടാറ്റാ ട്രസ്റ്റ് വ്യക്തമാക്കി. സെപ്റ്റംബർ 17ന് നടന്ന ബോർഡ് യോഗത്തിലാണ് എൻ ചന്ദ്രശേഖരനെ വീണ്ടും നിയമിക്കാൻ തീരുമാനിച്ചത്. എന്നാൽ, ടാറ്റാ ട്രസ്റ്റിന്റെ നോമിനി ഡയറക്ടർമാരുടെ നിർബന്ധിത പിന്തുണ ഈ തീരുമാനത്തിന്
ലഭിച്ചിട്ടില്ലെന്ന് ഞായറാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ട്രസ്റ്റ് ചൂണ്ടിക്കാട്ടി. കമ്പനിയുടെ 66 ശതമാനം ഓഹരികളും ടാറ്റാ ട്രസ്റ്റിന്റെ കൈകളിലാണ്. ടാറ്റാ സൺസിന്റെ ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ (AoA) പ്രകാരം, ഇത്തരം സുപ്രധാന തീരുമാനങ്ങൾക്ക് ട്രസ്റ്റ് നോമിനേറ്റ് ചെയ്യുന്ന ഡയറക്ടർമാരുടെ ഭൂരിപക്ഷ പിന്തുണ നിർബന്ധമാണ്. നിലവിൽ ബോർഡിൽ ട്രസ്റ്റിന് രണ്ട് നോമിനികളാണുള്ളത്. അതുകൊണ്ട് തന്നെ നിയമനം സാധുവാകണമെങ്കിൽ രണ്ടുപേരുടെയും പിന്തുണ ആവശ്യമായിരുന്നു. എന്നാൽ സെപ്റ്റംബർ 17ന് നടന്ന വോട്ടെടുപ്പിൽ ഈ രണ്ട്
നോമിനികളിൽ ഒരാൾ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു. ഇതോടെ നിയമനത്തിന് ആവശ്യമായ ഭൂരിപക്ഷം ലഭിച്ചില്ലെന്ന് ട്രസ്റ്റ് വിശദീകരിക്കുന്നു.
പ്രതിസന്ധി മറികടക്കാൻ ചെയർമാന്റെ കാസ്റ്റിംഗ് വോട്ട് ഉപയോഗിക്കാനാകില്ലെന്നും ട്രസ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്. ബോർഡിൽ വോട്ടുകൾ തുല്യമായി വരുന്ന സാഹചര്യത്തിൽ മാത്രമേ കാസ്റ്റിംഗ് വോട്ട് ഉപയോഗിക്കാൻ കഴിയൂ. ട്രസ്റ്റിന്റെ നോമിനി ഡയറക്ടർമാരുടെ പിന്തുണ ഉറപ്പാക്കേണ്ട കാര്യത്തിൽ ഈ വോട്ട് ബാധകമല്ലെന്ന് ട്രസ്റ്റ് പറഞ്ഞു.















