പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിൽ ചികിത്സയ്ക്കെത്തിയ 16 വയസ്സുകാരിക്ക് എക്സ്-റേ മാറിനൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകി. വിഷയത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിനാണ് മന്ത്രി നിർദേശം നൽകിയത്.
കഴിഞ്ഞ 14-ാം തീയതിയാണ് ശ്വാസം മുട്ടലിനെ തുടർന്ന് പത്തനംതിട്ട കോന്നി കൂഴം സ്വദേശിനിയായ പെൺകുട്ടി മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. തുടർന്ന് എടുപ്പിച്ച എക്സ്-റേയിൽ 88 വയസ്സുകാരിയായ മറ്റൊരു രോഗിയുടെ എക്സ്-റേ ഫിലിമാണ് മാറി നൽകിയത്. ഇത് ശ്രദ്ധിക്കാതെ ഡോക്ടർ തുടർചികിത്സയും മരുന്നുകളും നൽകുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി. പിന്നീട് മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് എക്സ്-റേ ഫിലിം മാറിയ വിവരം കുടുംബം അറിയുന്നത്. തുടർന്ന് കുടുംബം പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി.
സംഭവത്തിൽ കോന്നി മെഡിക്കൽ കോളേജ് സൂപ്രണ്ട് പ്രാഥമിക അന്വേഷണം നടത്തി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് (DME) റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. തുടർനടപടികൾ ഇനി ഡിഎംഇ കൈക്കൊള്ളും. കൂടാതെ, റേഡിയോളജി, പൾമനറി വിഭാഗങ്ങളിലെ ഡോക്ടർമാരോട് സൂപ്രണ്ട് വിശദീകരണം തേടും. എക്സ്-റേ നൽകിയതിൽ കൗണ്ടറിലെ ജീവനക്കാർക്ക് വീഴ്ച പറ്റിയിരിക്കാമെന്നാണ് സൂപ്രണ്ടിന്റെ വിലയിരുത്തൽ. അതേസമയം, കുട്ടിക്ക് മരുന്നുകൾ മാറി നൽകിയിട്ടില്ലെന്നും ശ്വാസം മുട്ടലിനുള്ള മരുന്ന് തന്നെയാണ് നൽകിയതെന്നും സൂപ്രണ്ട് വ്യക്തമാക്കി.















