കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഡൽഹിയിലെ വസതിക്ക് മുന്നിൽ സ്ത്രീയും കുട്ടികളും പ്രതിഷേധിച്ചു. ഹരിയാന സ്വദേശികളായ ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു നീക്കി. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോൺഗ്രസ് പണം തട്ടിയെടുത്തെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
അതേസമയം, ഇൻസ്റ്റാഗ്രാമിലൂടെ യുവാക്കളുമായും (Gen-Z) വിദ്യാർത്ഥികളുമായും സംവദിക്കാൻ ‘ആസ്ക് മി എനിതിങ്’ (Ask Me Anything) സെഷനുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൻസ്റ്റാഗ്രാമിൽ റീൽസ് പങ്കുവെച്ചതിന് തൊട്ടുപിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ ഈ സമാന്തര സോഷ്യൽ മീഡിയ നീക്കം.
“വിദ്യാർത്ഥികളെ, ജെൻ-സി – ഞാൻ നിങ്ങളുടെ വാക്കുകൾ കേൾക്കാൻ ഇവിടെയുണ്ട്. ഇൻസ്റ്റാഗ്രാമിൽ എന്നോട് എന്തു വേണമെങ്കിലും ചോദിക്കൂ, കഴിയുന്നത്ര ചോദ്യങ്ങൾക്ക് ഞാൻ മറുപടി നൽകാം,” എന്ന് രാഹുൽ ഗാന്ധി എക്സിൽ (X) കുറിച്ചു. ഉപയോക്താക്കൾക്ക് ചോദ്യങ്ങൾ സമർപ്പിക്കാനായി പ്രത്യേക ഇൻസ്റ്റാഗ്രാം സ്റ്റോറിയുടെ ലിങ്കും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.















