35 പേർക്ക് ലോ കോളേജ് അസി. പൊഫസർ നിയമന ഉത്തരവ് മുഖ്യമന്ത്രി കൈമാറി
നിയമ വിദ്യാഭ്യാസ രംഗത്തെ കാലാനുസൃതമായി നവീകരിച്ച് കേരളത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ മികച്ച കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സർക്കാർ ലോ കോളേജുകളിലെ 35 അസിസ്റ്റന്റ് പ്രൊഫസർമാർക്ക് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധ്യാപകന്റെ ഉത്തരവാദിത്തം വളരെ വലുതാണെന്നും ജീവിതകാലം മുഴുവൻ സമൂഹത്തിന്റെ ആദരവും സ്നേഹവും ഏറ്റുവാങ്ങുന്നവരാണ് അധ്യാപകരെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതുതായി നിയമിതരാകുന്നവർ ആ ഉത്തരവാദിത്വം ഏറ്റവും മികച്ച രീതിയിൽ നിർവഹിച്ച് വിദ്യാർഥികൾക്കും സമൂഹത്തിനും മാതൃകയാകണം.
ഉന്നതവിദ്യാഭ്യാസ രംഗത്തെ ആധുനികവത്കരിച്ച് കേരളത്തെ രാജ്യത്തെ മികച്ച വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നാക്കി ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം.തൊഴിൽ മേഖലയിലെ മാറുന്ന ആവശ്യങ്ങൾ പരിഗണിച്ച് പുതിയതും നൂതനവുമായ കോഴ്സുകൾ ആരംഭിക്കും. വിദ്യാർഥികൾക്ക് മികച്ച തൊഴിൽസാധ്യത ഉറപ്പാക്കുന്ന കോഴ്സുകൾക്ക് മുൻഗണന നൽകുന്നതോടൊപ്പം വ്യവസായ മേഖലയുമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സർക്കാർ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
തുറമുഖ സംസ്ഥാനമെന്ന കേരളത്തിന്റെ വളരുന്ന സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി മാരിടൈം ലോ പോലുള്ള പുതിയ പഠനവിഷയങ്ങൾ നിയമവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കും. നിയമ വിദ്യാഭ്യാസ രംഗത്ത് കാലഹരണപ്പെട്ട പഠനരീതികൾ പരിഷ്കരിച്ച് സമകാലിക ആവശ്യങ്ങൾക്ക് അനുയോജ്യമായ മാറ്റങ്ങൾ നടപ്പാക്കും. സംസ്ഥാനത്ത് നിയമ വിദ്യാഭ്യാസ ഡയറക്ടറേറ്റ്, നിയമ സർവകലാശാല എന്നിവ രൂപീകരിക്കുന്ന കാര്യം സർക്കാർ ഗൗരവമായി പരിശോധിച്ചുവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
സർക്കാർ ലോ കോളേജുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് നടത്തിയ പുതുയുഗ യാത്രയിൽ ഉദ്യോഗാർഥികൾ പരാതി നൽകിയിരുന്നു. കോഴിക്കോട് ലഭിച്ച വിദ്യാർഥിനിയുടെ പരാതി അപ്പോൾ തന്നെ രേഖപ്പെടുത്തുകയും ഗൗരവകരമായി പരിഗണിക്കുകയും ചെയ്തു. അധികാരത്തിലെത്തിയ ശേഷം ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ച് നിയമന നടപടികൾ വേഗത്തിലാക്കാൻ സർക്കാർ തീരുമാനിച്ചതായും പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ നിയമന പ്രക്രിയ വേഗത്തിലാക്കി. സർക്കാർ നൽകിയ വാഗ്ദാനം പാലിച്ചുകൊണ്ടാണ് 35 അസിസ്റ്റന്റ് പ്രൊഫസർമാർക്ക് നിയമന ഉത്തരവ് കൈമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ അധ്യക്ഷത വഹിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക് സ്വാഗതം ആശംസിച്ചു.
ഉന്നത വിദ്യാഭ്യാസ ജോയിൻ്റ് സെക്രട്ടറി നിത എം നന്ദി അറിയിച്ചു















