പാലാ: സിവിൽ സർവീസ് പരീക്ഷയിലെ മികച്ച വിജയത്തിന്റെ തിളക്കത്തിൽ പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട്. 2025-ലെ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനുള്ള വിജയാഘോഷവും (Winners’ & Freshers’ Day), ഇൻസ്റ്റിറ്റ്യൂട്ടിൽ പുതുതായി നിർമ്മിച്ച ചാപ്പലിന്റെ ആശീർവാദ കർമ്മവും നാളെ (18/07/2026, ശനിയാഴ്ച) നടക്കും.
രാവിലെ 10:45-ന് ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ നടക്കുന്ന ചടങ്ങുകൾ പാലാ രൂപത മെത്രാനും ഇൻസ്റ്റിറ്റ്യൂട്ട് രക്ഷാധികാരിയുമായ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിക്കും. കേരള ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തും.
2025 സിവിൽ സർവീസ് പരീക്ഷയിൽ കേരളത്തിൽ നിന്നും ഒന്നാം സ്ഥാനത്തോടെ 57-ാം റാങ്ക് കരസ്ഥമാക്കിയ ശ്രീല ജി.എസ്.-ന്, മുൻ ചീഫ് സെക്രട്ടറിയും ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറുമായിരുന്ന അന്തരിച്ച ശ്രീ കെ.ജെ. മാത്യു ഐ.എ.എസിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ സ്വർണ്ണമെഡൽ ചടങ്ങിൽ സമ്മാനിക്കും. മാർ ജോസഫ് കല്ലറങ്ങാട്ടാണ് മെഡൽ വിതരണം ചെയ്യുന്നത്. മാണി സി. കാപ്പൻ എം.എൽ.എ കെ.ജെ. മാത്യു അനുസ്മരണ പ്രഭാഷണം നടത്തും.
മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ് ഐ.പി.എസ് ചടങ്ങിൽ ആശംസകൾ നേരും. സിവിൽ സർവീസ് പരീക്ഷയിൽ മികച്ച റാങ്കുകൾ നേടിയ മറ്റ് വിജയികളായ സ്മിത സാബു ഉൾപ്പെടെയുള്ളവർക്കും ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിക്കും.
ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. വി.വി. ജോർജുകുട്ടി ഒറ്റലാങ്കൽ സ്വാഗതവും, വൈസ് പ്രിൻസിപ്പൽ റവ. ഫാ. സെബാസ്റ്റ്യൻ ചാമക്കാലയിൽ നന്ദിയും പറയും.















