2026 ജൂൺ 20 ശനി മിഥുനം 06
വാർത്തകൾ
📰👉 ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നു റദ്ദാക്കപ്പെട്ട നീറ്റ് പുനഃപരീക്ഷ നാളെ. വിവാദങ്ങൾക്കും വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യങ്ങൾക്കുമിടെ കനത്ത സുരക്ഷയിലാണു പരീക്ഷ നടക്കുന്നത്.
📰👉 നാളെ നടക്കാനിരിക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഇന്ന് രാജ്യവ്യാപകമായി മോക്ക് ഡ്രിൽ നടത്തും. പരീക്ഷ തികച്ചും സുതാര്യവും സുരക്ഷിതവുമായി നടത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു.
📰👉 പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ പ്രാഥമിക റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കുമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ. ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും ഉപസമിതി വിശദമായി പരിശോധിക്കും.
📰👉 മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ബാങ്ക് ലോക്കറിലെ ഇഡി പരിശോധന പൂര്ത്തിയായി. തിരുവനന്തപുരത്തെ എച്ച്ഡിഎഫ്സി ബാങ്ക് ശാഖയിലെ ലോക്കറാണ് ഇഡി ഉദ്യോഗസ്ഥർ തുറന്ന് പരിശോധിച്ചത്.
എന്നാൽ മാസപ്പടി ഇടപാടിലെ രേഖകൾ ലോക്കറിൽ നിന്ന് ലഭ്യമായില്ലെന്നാണ് സൂചന
📰👉 ഇലക്ട്രിക് വാഹനങ്ങളുടെ നികുതി ഘടനയിൽ മാറ്റം വരുത്തി സംസ്ഥാന ബജറ്റ്. പത്ത് ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി നിലവിൽ അഞ്ച് ശതമാനമായിരുന്നു. എന്നാൽ, ഇത് മൂന്ന് ശതമാനമായി കുറച്ചു. 15 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി ഇതുവരെ എട്ട് ശതമാനമായിരുന്നു. ഇത് അഞ്ച് ശതമാനമായും കുറച്ചു.
📰👉 സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം കനത്ത പ്രതിസന്ധിയിലേക്കെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കുന്ന ഇന്ദിര ഗ്യാരണ്ടി’ പദ്ധതി നടപ്പിലാക്കിയതോടെ ഓരോ ബസ് ഉടമയ്ക്കും പ്രതിദിനം 1000 രൂപ മുതൽ 6000 രൂപ വരെ വരുമാന നഷ്ടം സംഭവിക്കുന്നുണ്ടെന്നാണ് അസോസിയേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
📰👉 മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ അട്ടിമറികൾ ഉണ്ടാകുമെന്ന സൂചന നൽകി മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഏക്നാഥ് ഷിന്ദേ. ‘കണ്ടത് ട്രെയിലർ മാത്രമാണ്, യഥാർഥ ചിത്രം വരാനിരിക്കുന്നതേയുള്ളൂ’ എന്ന് മഹാരാഷ്ട്രയിൽ നടന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു
📰👉 യുവാക്കളുടെ ഉന്നതവിദ്യാഭ്യാസവും തൊഴിൽതേടിയുള്ള കുടിയേറ്റവും കുറയ്ക്കാൻ ലക്ഷ്യമിട്ട് ‘നോളജ് വാലി’ പദ്ധതിക്ക് ബജറ്റിൽ 100 കോടി അനുവദിച്ചിട്ടുണ്ട്. ഐഐടി മാതൃകയിൽ എൻജിനീയറിങ് കോളജുകളെ ബന്ധിപ്പിച്ച് റിസർച്ച് പാർക്കിന് 60 കോടിയും നീക്കിവെച്ച ബജറ്റിൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഗ്ലോബൽ ജോബ് ടവറും ഇടംപിടിച്ചിട്ടുണ്ട്
📰👉 സംസ്ഥാനത്ത് ആശങ്ക പരത്തി ഷിഗെല്ല പടരുന്നു. വെള്ളിയാഴ്ച മാത്രം പത്ത് പേർക്ക് രോഗം സ്ഥിരീകരിച്ചെന്ന് അധികൃതർ വ്യക്തമാക്കി. കോഴിക്കോട് മൂന്നും തിരുവനന്തപുരം, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിൽ രണ്ടു വീതവും പാലക്കാട് ഒരു കേസുമാണ് റിപ്പോർട്ട് ചെയ്തത്.
📰👉 മുൻപൊരു ഗവൺമെന്റും നേരിടാത്ത വിധത്തിലുള്ള ധനപരമായ വെല്ലുവിളികളും സാമ്പത്തിക പ്രയാസങ്ങളും ഈ ഗവൺമെന്റ് നേരിടുന്നുവെന്നും തന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രികൂടിയായ വി.ഡി. സതീശൻ പറഞ്ഞു. ഒരു രൂപയുടെ പോലും നികുതി വർദ്ധിപ്പിക്കാതെ, പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഒരു പുതുയുഗ കേരളം സൃഷ്ടിക്കാനുള്ള പദ്ധതികളാണ് ബജറ്റ് അവതരിപ്പിക്കുന്നത്.















