നിപരോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 3 പേരെയും ഡിസ്ചാർജ് ചെയ്തു. ഇതോടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട എല്ലാവരും ആശുപത്രി വിട്ടു. സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ഒരു
ആരോഗ്യ പ്രവർത്തകയുടെ സാമ്പിൾ ഇന്ന് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. രോഗിയുടെ സമ്പർക്ക പട്ടികയിൽ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയമാക്കിയ 14 പേരുടെയും ഫലങ്ങൾ നെഗറ്റീവ് ആണ്. നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളജിൽ വെൻറിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. രോഗബാധിതൻറെ സമ്പർക്ക പട്ടികയിൽ ഇന്ന്
പുതിയതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 104 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇത് 4 പേർ വളരെ ഉയർന്ന റിസ്ക് ഭാഗത്തിൽപ്പെട്ടവരും, 14 പേർ ഉയർന്ന ഭാഗത്തിൽ പെട്ടവരും 86 പേർ കുറഞ്ഞ റിസ്ക് ഭാഗത്തിൽപ്പെട്ടവരും ആണ്. രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ 5 ലെ 56 വീടുകളിൽ കൂടി ആരോഗ്യ പ്രവർത്തകർ ഇന്ന് സന്ദർശനം നടത്തി.















