ഇന്ന് സെപ്റ്റംബർ 5, ദേശീയ അധ്യാപക ദിനം. വിദ്യാർഥികളുടെയും സമൂഹത്തിന്റെയും ഭാവി രൂപപ്പെടുത്തുന്നതിൽ നിസ്തുലമായ പങ്ക് വഹിക്കുന്ന അധ്യാപക സമൂഹത്തെ രാജ്യം ഇന്ന് ആദരിക്കുന്നു. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും പ്രമുഖ തത്വചിന്തകനുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമാണ് രാജ്യത്ത് അധ്യാപക ദിനമായി ആചരിക്കുന്നത്.
1962-ൽ ഡോ. എസ്. രാധാകൃഷ്ണൻ ഇന്ത്യയുടെ രാഷ്ട്രപതിയായി ചുമതലയേറ്റപ്പോൾ, അദ്ദേഹത്തിന്റെ ശിഷ്യരും അഭ്യുദയകാംക്ഷികളും ജന്മദിനം ആഘോഷിക്കാൻ അനുവാദം തേടിയെത്തിയിരുന്നു. എന്നാൽ തന്റെ ജന്മദിനം വ്യക്തിഗതമായി ആഘോഷിക്കുന്നതിന് പകരം, രാജ്യത്തെ മുഴുവൻ അധ്യാപകർക്കുമായി സമർപ്പിച്ച് ‘അധ്യാപക ദിന’മായി ആചരിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം.
കൃത്രിമബുദ്ധിയും (AI) പുതിയ സാങ്കേതിക വിദ്യകളും വൈജ്ഞാനിക രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന ഇക്കാലത്ത്, വിദ്യാർഥികൾക്ക് ശരിയായ ദിശാബോധം നൽകുന്ന വഴികാട്ടികളായി അധ്യാപകർ മാറേണ്ടതുണ്ട്. അറിവുകൾ നേടാൻ ആയിരം മാർഗ്ഗങ്ങളുള്ള ഡിജിറ്റൽ യുഗത്തിലും, മൂല്യബോധവും ആത്മവിശ്വാസവുമുള്ള നല്ലൊരു പൗരനെ വാർത്തെടുക്കാൻ അധ്യാപകരുടെ സാന്നിധ്യം അനിവാര്യമാണ്. ജാതിമത ചിന്തകൾക്കതീതമായി സമത്വവും വിമർശനാത്മക ചിന്തയും പ്രോത്സാഹിപ്പിക്കുന്ന തപസ്യയായി അധ്യാപനം മാറണമെന്നും ഈ ദിനം ഓർമ്മിപ്പിക്കുന്നു.
പകര്‍ന്നാട്ടമാകണം അധ്യാപനം. ജ്ഞാനോദയത്തില്‍ കുഞ്ഞുമിഴികളില്‍ തെളിയുന്ന വിസ്മയഭാവം കണ്ട് ഹൃദയം നിറയുമ്പോഴാണ് അധ്യാപനം ഒരു തൊഴിലിനപ്പുറം ഒരു തപസ്യയായി മാറുന്നത്.

















