ബംഗാളിൽ ആക്രമണ ഭീഷണിയെ തുടർന്ന് വീടുകളിലെ പ്രാർത്ഥനായോഗങ്ങൾ നിർത്തിവെച്ച് ക്രിസ്ത്യൻ സംഘടനകൾ. ഹൗറ, പൂർവ്വ വർദ്ധമാൻ, പൂർവ്വ മേദിനിപൂർ തുടങ്ങി വിവിധ ജില്ലകളിൽ പ്രാർത്ഥനായോഗങ്ങൾക്കും വീടുകൾ കേന്ദ്രീകരിച്ചുള്ള ശുശ്രൂഷകൾക്കും നേരെ തുടർച്ചയായി ആക്രമണങ്ങൾ ഉണ്ടാകുന്നതിനെത്തുടർന്നാണ് ക്രിസ്തീയ സംഘടനകളുടെ നീക്കം. ഓഗസ്റ്റ് 23-ന്
ഹൗറയിലെ ഉലുബേരിയയിൽ വാടകവീട്ടിൽ നടന്ന പ്രാർത്ഥനയ്ക്കിടെ ആൾക്കൂട്ടം ഇരച്ചുകയറി ആളുകളെ മർദ്ദിക്കുകയും വസ്തുവകകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇത് കൂടാതെ ശവസംസ്കാരം തടസ്സപ്പെടുത്തൽ, നിർമ്മാണത്തിലിരുന്ന പള്ളി തകർക്കൽ തുടങ്ങിയ സംഭവങ്ങളും തുടർച്ചയായി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യവും ഉണ്ട്. പണവും മറ്റ് വാഗ്ദാനങ്ങളും നൽകി നിർബന്ധിത മതപരിവർത്തനം നടത്തുന്നുണ്ടെന്നും അതിനെതിരെയാണ് തങ്ങൾ
പ്രതിഷേധിക്കുന്നതെന്നുമാണ് ആക്രമണം നടത്തുന്നവരുടെ നിലപാട്. ഒപ്പം പ്രാർത്ഥിക്കുന്നത് വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും എന്നാൽ സ്വന്തം ഇഷ്ടപ്രകാരമല്ലാതെ നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടെങ്കിൽ നിയമപരമായ നടപടിയുണ്ടാകുമെന്നുമാണ് ബംഗാൾ സർക്കാർ വ്യക്താമാക്കുന്നത്.

















