ഇറാന്റെ ആണവ സമ്പുഷ്ടീകരണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെന്ന് കരുതപ്പെടുന്ന പിക്കാക്സ് മലനിരകൾക്ക് നേരെ ഉടൻ ആക്രമണത്തിന് ഉത്തരവിട്ടേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഓവൽ ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ട്രംപിന്റെ ഭീഷണി. അഞ്ച് മാസമായി മേഖലയിൽ സൈനിക നീക്കം തുടരുകയാണെന്നും ഇറാൻ ആണവായുധം നിർമ്മിക്കുന്നത് ത തടഞ്ഞുവെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ രാജ്യത്തിന് നേരെ ആക്രമണ ഭീഷണിയുണ്ടായാൽ അമേരിക്കയ്ക്കെതിരെ മുൻകരുതൽ ആക്രമണം നടത്തുമെന്ന് ഇറാനും തിരിച്ചടിച്ചു.
അതിനിടെ, ഇറാനെതിരായ സാമ്പത്തിക ഉപരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി തുർക്കിയിലെ ഗോൾഡൻ ഗ്ലോബൽ ബാങ്കിന് അമേരിക്കൻ ട്രഷറി വകുപ്പ് ഉപരോധമേർപ്പെടുത്തി. നാറ്റോ സഖ്യരാജ്യത്തിലെ ഒരു ബാങ്കിന് നേരെ അമേരിക്ക ഉപരോധം ചുമത്തുന്നത് ഇതാദ്യമാണ്.
മറ്റൊരു സംഭവത്തിൽ, ആയുധക്ഷാമം സംബന്ധിച്ച വിവരങ്ങൾ ചോർന്നതിനെ തുടർന്ന് പെന്റഗണിലെ അമ്പതോളം സൈനിക ജോയിന്റ് സ്റ്റാഫ് അംഗങ്ങളെ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയമാക്കിയതായി ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. വിവരം ചോർന്നത് ഗൗരവത്തോടെ കാണുന്നുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പെന്റഗൺ വക്താവ് സീൻ പർനെൽ വ്യക്തമാക്കി. അതേസമയം, പശ്ചിമേഷ്യയിൽ പുതിയ പ്രതിരോധ ഘടന വേണമെന്ന ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ആഹ്വാനത്തെ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബാഫ് സ്വാഗതം ചെയ്തു.

















