കൊച്ചി: സംസ്ഥാനത്തു വളങ്ങൾക്ക് വില കുതിച്ചുയർന്നതോടെ കർഷകർ കടുത്ത ആശങ്കയിലായിരിക്കുകയാണ്. കൃഷിക്ക് കൂടുതലായി ഉപയോഗിക്കുന്ന ഫാക്ടംഫോസ്, പൊട്ടാഷ്, തുരിശ് എന്നിവയ്ക്ക് ഇരട്ടിയിലധികമാണ് വില വർധിച്ചത്. അന്താരാഷ്ട്ര തലത്തിലെ യുദ്ധസാഹചര്യവും കേന്ദ്രസർക്കാർ രാസവള കമ്പനികൾക്കു നൽകിയിരുന്ന സബ്സിഡി വെട്ടിക്കുറച്ചതുമാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കാർഷികോത്പന്നങ്ങൾക്ക് ന്യായവില ലഭിക്കാത്ത സാഹചര്യത്തിൽ വളത്തിന്റെ വിലവർധന കർഷകർക്ക് അമിതഭാരമാകുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു ചാക്ക് ഫാക്ടംഫോസിന് 1,425 രൂപയായിരുന്നു വിലയെങ്കിൽ ഇപ്പോഴത് 2,350 രൂപയായി വർദ്ധിച്ചു. 1,500 രൂപയായിരുന്ന പൊട്ടാഷിന്റെ വില 2,300 രൂപയായാണ് ഉയർന്നത്. കുമിൾനാശിനിയായി ഉപയോഗിക്കുന്ന തുരിശിന്റെ വില കിലോയ്ക്ക് 210 രൂപയിൽ നിന്ന് 540 രൂപയിലേക്ക് കുതിച്ചുയർന്നു. ഉൽപ്പാദനച്ചെലവ് ക്രമാതീതമായി ഉയർന്നതോടെ കൃഷിയുമായി മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയിലാണ് സാധാരണക്കാരായ കർഷകർ.















