തിരുവനന്തപുരം: യാതൊരുവിധ പ്രത്യേക നിരീക്ഷണ ഉപകരണങ്ങളുടെയും സഹായമില്ലാതെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുന്ന അപൂർവ്വ വിസ്മയമൊരുക്കി അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) കേരളത്തിന് മുകളിലൂടെ കടന്നുപോയി. സെപ്റ്റംബർ 4 വെള്ളിയാഴ്ച രാത്രി 7.46-ഓടെ പ്രത്യക്ഷപ്പെട്ട നിലയം ഏകദേശം 4 മിനിറ്റോളം ആകാശത്ത് തെളിഞ്ഞുനിന്ന ശേഷമാണ് മറഞ്ഞത്.
സാധാരണ നക്ഷത്രങ്ങളേക്കാൾ തിളക്കത്തോടെയും അതിവേഗത്തിലും സഞ്ചരിക്കുന്ന പ്രകാശബിന്ദുവായാണ് ബഹിരാകാശ നിലയം കാണാൻ സാധിക്കുന്നത്. മേഘാവൃതമല്ലാത്ത തെളിഞ്ഞ ആകാശമുള്ള പ്രദേശങ്ങളിൽ കാഴ്ച വളരെ വ്യക്തമായിരുന്നു. വെള്ളിയാഴ്ച കാണാൻ സാധിക്കാത്തവർക്കായി സെപ്റ്റംബർ 10 വരെ വരും ദിവസങ്ങളിലും പുലർച്ചെയും സന്ധ്യാസമയങ്ങളിലുമായി ആകാശത്ത് ബഹിരാകാശ നിലയം ദൃശ്യമാകും.

















