കനത്ത മഴയെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ രൂക്ഷമായ വെള്ളക്കെട്ടിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ പരിഹാസവുമായി പ്രതിപക്ഷ പാർട്ടികൾ. വിമാനത്താവളത്തിൽ തന്നെ കേന്ദ്രസർക്കാർ ബീച്ചിന്റെ അനുഭവം നൽകുകയാണെന്ന് കോൺഗ്രസ് പരിഹസിച്ചു. വെള്ളക്കെട്ടിലൂടെ യാത്രക്കാർ ലഗേജുകളുമായി നടന്നുനീങ്ങുന്ന ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട്, ഇതാണോ രാജ്യത്തിന്റെ 7.8 ശതമാനം വളർച്ചയെന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നേതാവ് അഭിജിത് ദീപ്കെയും ചോദിച്ചു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പെയ്ത കനത്ത മഴയിലാണ് വിമാനത്താവളത്തിലെ മൂന്ന് ടെർമിനലുകളിൽ രണ്ടെണ്ണത്തിലും വെള്ളം കയറി യാത്രക്കാർ വലഞ്ഞത്. മോശം കാലാവസ്ഥയും വെള്ളക്കെട്ടും കാരണം ഡൽഹിയിൽ ഇറങ്ങേണ്ടിയിരുന്ന ഒരു അന്താരാഷ്ട്ര വിമാനമടക്കം 11 വിമാനങ്ങൾ സമീപ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. ജയ്പൂരിലേക്ക് അഞ്ചും, ലക്നൗവിലേക്ക് നാലും, അഹമ്മദാബാദ്, ചണ്ഡീഗഢ് എന്നിവിടങ്ങളിലേക്ക് ഓരോ വിമാനങ്ങളുമാണ് വഴിതിരിച്ചുവിട്ടത്.
വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. വെള്ളപ്പൊക്കം കുറയുന്നതും കാത്ത് മണിക്കൂറുകളോളം എയർപോർട്ടിനുള്ളിൽ കഴിയേണ്ടി വന്നതായി യാത്രക്കാർ പ്രതികരിച്ചു.

















