കണ്ണൂർ പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ശിവസൂര്യയെ കാണാതായിട്ട് ഇന്നേക്ക് 9 ദിവസമാവുകയാണ്. കണ്ണൂർ കമ്മീഷണറുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്കും
വ്യാപിപ്പിച്ചു. അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. വീടിനടുത്തുള്ള സിസിടിവി ക്യാമറകൾ എല്ലാം പോലീസ് പല കുറി പരിശോധിച്ചു. കുട്ടി വീടുവിട്ടത് ഉച്ചയ്ക്ക് ഒരു മണിക്കാണ്. ഇതിന് അടുത്തുള്ള സമയങ്ങളിലെ ദൃശ്യമാണ് പോലീസ് പരിശോധിച്ചത്.
പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിയാത്തതിനാൽ ഇതിനുശേഷമുള്ള മണിക്കൂറുകളിലെ ദൃശ്യങ്ങളും പരിശോധിച്ചു തുടങ്ങി. തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ ദൃശ്യങ്ങളും പല തവണ പരിശോധിച്ചിട്ടും തുമ്പൊന്നും കിട്ടിയിട്ടില്ല.















