തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, പ്രതിപക്ഷ നേതാവ്, എം.എൽ.എമാർ എന്നിവരടങ്ങുന്ന ജനപ്രതിനിധികൾക്ക് ഇനിമുതൽ സർക്കാർ ഉദ്യോഗസ്ഥർക്ക് സമാനമായ രീതിയിൽ ‘സ്പാർക്ക്’ (SPARK) വഴി ശമ്പളം വിതരണം ചെയ്യാൻ ധനവകുപ്പ് ഉത്തരവിറക്കി. 2027 ജനുവരി മുതലാണ് പുതിയ പരിഷ്കാരം പ്രാബല്യത്തിൽ വരുന്നത്. ശമ്പള വിതരണത്തിൽ വേഗതയും സുതാര്യതയും ഉറപ്പുവരുത്താനാണ് നടപടിയെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
നിലവിൽ സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളവും അലവൻസുകളും ഓൺലൈനായി പ്രോസസ്സ് ചെയ്യുന്നതും വിതരണം ചെയ്യുന്നതും സ്പാർക്ക് സംവിധാനം വഴിയാണ്. എന്നാൽ ഭരണഘടനാ പദവികൾ വഹിക്കുന്നവരുടെ ശമ്പള ബില്ലുകൾ ഇതിന് പുറത്തുള്ള പ്രത്യേക സംവിധാനം വഴിയായിരുന്നു തയ്യാറാക്കിയിരുന്നത്. പുതിയ തീരുമാനപ്രകാരം, ജനപ്രതിനിധികളുടെയും മന്ത്രിമാരുടെയും പ്രൈവറ്റ് സെക്രട്ടറിമാർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്പാർക്കിൽ ശമ്പള ബില്ലുകൾ തയ്യാറാക്കുകയും തുക നേരിട്ട് ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറുകയും ചെയ്യും.
ഇതിനായി സ്പാർക്ക് സോഫ്റ്റ്‌വെയറിൽ ‘ഭരണഘടനാ പദവികൾ’ (Constitutional Authorities) എന്ന പ്രത്യേക വിഭാഗം ആരംഭിക്കും. പൊതുഭരണ വകുപ്പിലെയും നിയമസഭാ സെക്രട്ടേറിയറ്റിലെയും ബന്ധപ്പെട്ട ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സിങ് ഓഫീസർമാരാണ് (DDO) ബില്ലുകൾ കൈകാര്യം ചെയ്യുക. കഴിഞ്ഞ മാസം 29-നാണ് മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളവും അലവൻസുകളും വർധിപ്പിക്കുന്ന ബിൽ നിയമസഭ പാസാക്കിയത്.















