ഷൊർണൂർ: ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം ചരക്ക് ട്രെയിൻ പാളം തെറ്റിയതിനെത്തുടർന്ന് തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. പാളം തെറ്റിയ ബോഗി ട്രാക്കിൽ നിന്ന് ഉയർത്തി മാറ്റിയതോടെ പാതയിൽ പിടിച്ചിട്ടിരുന്ന ട്രെയിനുകൾ കടത്തിവിട്ടു. അപകടത്തെത്തുടർന്ന് വന്ദേ ഭാരത് ഉൾപ്പെടെ പത്തോളം ട്രെയിനുകൾ മൂന്ന് മണിക്കൂറോളം വൈകിയാണ് ഓടിയത്.
ശനിയാഴ്ച രാത്രി എട്ട് മണിയോടെ ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം കൊച്ചിൻ പാലത്തിന് അടുത്തുവെച്ചാണ് മംഗലാപുരത്തേക്ക് ചരക്കുമായി പോകുകയായിരുന്ന ഗുഡ്സ് ട്രെയിൻ പാളം തെറ്റിയത്. ഗാർഡിന്റെ ക്യാബിന് തൊട്ടുമുന്നിലുള്ള ബോഗിയാണ് പാളം തെറ്റിയത്. ട്രെയിനിന്റെ പിൻഭാഗം സ്റ്റേഷനിലെ ഏഴാം നമ്പർ പ്ലാറ്റ്ഫോമിലായിരുന്നു കിടന്നിരുന്നത്.
പ്രധാന റെയിൽവേ പാതയിലുണ്ടായ തടസ്സം കാരണം തൃശൂർ ഭാഗത്തുനിന്ന് വന്ന തീവണ്ടികൾ ഉൾപ്പെടെ വള്ളത്തോൾ നഗർ ഭാഗത്ത് പിടിച്ചിട്ടിരുന്നു. വിവരമറിഞ്ഞ് റെയിൽവേയിലെ സാങ്കേതിക വിദഗ്ധരും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടത്തിയ അടിയന്തര ഇടപെടലിലൂടെയാണ് ബോഗി ട്രാക്കിൽ നിന്ന് നീക്കം ചെയ്ത് ഗതാഗതം സാധാരണ നിലയിലാക്കിയത്.















