, ഐ.സി.യുവിൽ നിരാഹാരം തുടരുന്നു
തിരുവനന്തപുരം: റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന എൽ.പി.എസ്.ടി (LPST) ഉദ്യോഗാർത്ഥി വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായി തുടരുന്നതായി ആശുപത്രി അധികൃതർ. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) തുടരുന്ന വളർമതി നിരാഹാരം അവസാനിപ്പിച്ചിട്ടില്ല. ഭക്ഷണം കഴിച്ചില്ലെങ്കിൽ ആരോഗ്യസ്ഥിതി കൂടുതൽ വഷളാകുമെന്ന് ആർ.എം.ഒ വ്യക്തമാക്കി.
വളർമതി നിരാഹാര സമരം തുടങ്ങിയിട്ട് ഇരുപതാം ദിവസമാണ്. ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ഇവരെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സമരം ആരംഭിച്ച് 129-ാം ദിവസമായിരുന്നു പൊലീസ് എത്തി സമരസമിതിയുടെ പന്തൽ ബലമായി പൊളിച്ചുനീക്കിയത്. തുടർന്ന് വളർമതിയെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ ഉദ്യോഗാർത്ഥിയായ ജയകൃഷ്ണൻ നിരാഹാര സമരം ഏറ്റെടുത്തിരുന്നു.
അതേസമയം, എൽ.പി.എസ്.ടി സമരവുമായി ബന്ധപ്പെട്ട് പൊലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പൊലീസ് പൊളിച്ചുനീക്കിയ സമരപ്പന്തലുകൾ പുനഃസ്ഥാപിച്ചതിന് ഡി.വൈ.എഫ്.ഐക്കും എൽ.പി.എസ്.ടി സമരസമിതിക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി പൊലീസ് സമരപ്പന്തൽ അഴിച്ചുമാറ്റിയിരുന്നുവെങ്കിലും മണിക്കൂറുകൾക്കകം ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ഇത് വീണ്ടും കെട്ടുകയായിരുന്നു. പൊലീസിനെ തടഞ്ഞതിന് യുവമോർച്ചക്കാർക്കെതിരെയും മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഉദ്യോഗാർത്ഥികൾ.















