സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ‘ശബരി’യുടെ പുതിയ ഉൽപ്പന്നങ്ങളായ മൈദ, റവ എന്നിവ വിപണിയിലെത്തിക്കുന്നു. ഇതിനൊപ്പം ശബരി ആട്ട, ശബരി ഗോൾഡ് ചായപ്പൊടി, ശബരി ഹോട്ടൽ ബ്ലെൻഡ് ചായപ്പൊടി എന്നിവ പുതിയ ബ്രാൻഡഡ് പാക്കിംഗിൽ വിപണിയിൽ പുനരവതരിപ്പിക്കും.
ഒക്ടോബർ 31-ന് വൈകിട്ട് 3 മണിക്ക് എറണാകുളം ഐ.എം.എ ഹൗസിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പുതിയ ഉൽപ്പന്നങ്ങളുടെ വിപണി ഉദ്ഘാടനം നിർവ്വഹിക്കും. തൃക്കാക്കര എം.എൽ.എ ഉമ തോമസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.
ഓൺലൈൻ പരാതി പരിഹാര സംവിധാനവും സമ്മാനദാനവും
ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സപ്ലൈകോയുടെ പുതിയ ഓൺലൈൻ ഉപഭോക്തൃ പരാതി പരിഹാര സംവിധാനവും ചടങ്ങിൽ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. ഉപഭോക്താക്കളുടെ പരാതികൾ വേഗത്തിലും കാര്യക്ഷമമായും പരിഹരിക്കാൻ ഈ സംവിധാനം സഹായിക്കും.
2026-ലെ ഓണത്തോടനുബന്ധിച്ച് സപ്ലൈകോ നടത്തിയ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനദാനം ടി.ജെ. വിനോദ് എം.എൽ.എ നിർവ്വഹിക്കും. ഓണക്കാലത്ത് മികച്ച വിൽപ്പന കൈവരിച്ച സപ്ലൈകോ വിൽപനശാലകളിലെയും ഡിപ്പോകളിലെയും ജീവനക്കാർക്കുള്ള പുരസ്കാരങ്ങൾ കൊച്ചി മേയർ അഡ്വ. മിനിമോൾ വി.കെ വിതരണം ചെയ്യും. സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ജയകൃഷ്ണൻ വി.എം, ജനറൽ മാനേജർ എം.യു. ബിജു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.















