രാമപുരം: കുടക്കച്ചിറയിൽ വെച്ച് നടന്ന രാമപുരം ഉപജില്ലാ ശാസ്ത്രമേളയിൽ എൽ.പി വിഭാഗത്തിൽ 165 പോയിന്റുകൾ നേടി രാമപുരം എസ്.എച്ച്. എൽ.പി. സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി ഹാട്രിക് വിജയം കരസ്ഥമാക്കി.
ശാസ്ത്രമേളയിൽ ഓവറോൾ ഒന്നാം സ്ഥാനവും പ്രവൃത്തിപരിചയമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള എന്നിവയിൽ ഓവറോൾ രണ്ടാം സ്ഥാനവും സ്കൂൾ നേടി. കൂടാതെ പ്രവൃത്തിപരിചയമേള, ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള എന്നിവയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും ‘A’ ഗ്രേഡ് ലഭിച്ചു എന്നത് നേട്ടത്തിന് തിളക്കമേറ്റി.
ഉജ്ജ്വല വിജയം കൈവരിച്ച വിദ്യാർത്ഥികളെ സ്കൂൾ മാനേജർ ഫാദർ ബർക്കുമാൻസ് കുന്നുംപുറം, പി.ടി.എ. പ്രസിഡന്റ് ദീപു സുരേന്ദ്രൻ, എം.പി.ടി.എ. പ്രസിഡന്റ് ഡോണാ ജോളി ജേക്കബ്, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ, മദർ സുപ്പീരിയർ അനിജ മരിയ എന്നിവർ ചേർന്ന് അനുമോദിച്ചു. വിദ്യാർത്ഥികളുടെ കഠിനാധ്വാനവും അധ്യാപകരുടെയും മാതാപിതാക്കളുടെയും പൂർണ്ണ പിന്തുണയുമാണ് ഈ തുടർച്ചയായ വിജയത്തിന് പിന്നിലെന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസാ മാത്യൂസ് പറഞ്ഞു.















