ന്യൂഡൽഹി: ഝാർഖണ്ഡിൽ ആഴ്ചകൾ നീണ്ട വിദ്യാർത്ഥി സമരം ഒത്തുതീർപ്പാക്കാനും പരീക്ഷാ ക്രമക്കേടുകളിൽ കർശന നടപടിയെടുക്കാനും സംസ്ഥാന സർക്കാർ തയ്യാറായതിൽ ആശ്വാസവും സന്തോഷവും പ്രകടിപ്പിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുകയും പരീക്ഷകൾ റദ്ദാക്കി സിഐഡി അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്ത മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നടപടിയെ അദ്ദേഹം സ്വാഗതം ചെയ്തു.
യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ഭാവിവച്ച് കളിക്കാൻ ആരെയും അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പരീക്ഷാ തട്ടിപ്പുകൾക്കെതിരെ രാജ്യത്തുടനീളം വിദ്യാർത്ഥികൾ നടത്തുന്ന പോരാട്ടങ്ങൾക്ക് കോൺഗ്രസിന്റെ പൂർണ്ണ പിന്തുണയുണ്ടാകും. ക്രമക്കേടുകൾക്ക് പിന്നിൽ പ്രവർത്തിച്ച മുഖ്യസൂത്രധാരന്മാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സമഗ്രമായ പരീക്ഷാ പരിഷ്കാരങ്ങൾ ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















