തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെ എക്സിം (EXIM) ചരക്കുനീക്ക ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ച് ബിജെപി. കേന്ദ്ര സർക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സഹായത്തോടെ പൂർത്തിയായ പദ്ധതിയുടെ ക്രെഡിറ്റ് പൂർണ്ണമായും തട്ടിയെടുക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ആരോപിച്ചു.
കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ അടക്കമുള്ളവരെ കൃത്യമായി പരിഗണിക്കാതെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി മാത്രമാണ് ചടങ്ങ് സംഘടിപ്പിച്ചത്. കേന്ദ്ര വിഹിതവും സഹായങ്ങളും മറച്ചുവെച്ച് ഇടത് സർക്കാർ രാഷ്ട്രീയ നാടകം കളിക്കുകയാണെന്നും, ഇതിൽ പ്രതിഷേധിച്ചാണ് ബിജെപി ചടങ്ങ് ബഹിഷ്കരിച്ചതെന്നും വി.വി. രാജേഷ് വ്യക്തമാക്കി.
















