പിറവം: ഗാന്ധിയൻ മൂല്യങ്ങൾ നെഞ്ചിലേറ്റിയ ജനനായകനായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് മകളും , സാമൂഹിക പ്രവർത്തകയുമായ ഡോ: മറിയ ഉമ്മൻ പറഞ്ഞു. കേരള പ്രദേശ് ഗാന്ധിദർശൻ വേദി പിറവം നിയോജക മണ്ഡലം കമ്മിറ്റി പിറവത്ത് സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി സ്മൃതി സംഗമവും ,പുരസ്ക്കാര ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
സാധാരണക്കാരൻ്റെ ശബ്ദമായി മാറാനും, അവരുടെ കണ്ണീരൊപ്പാനും അദ്ദേഹത്തിന് കഴിഞ്ഞത് ഗാന്ധിയൻ ദർശനങ്ങളിൽ അടിയുറച്ച ജീവിത വീക്ഷണം കൊണ്ടായിരുന്നുവെന്ന് മറിയ ചൂണ്ടിക്കാട്ടി. നിയോജകമണ്ഡലം ചെയർമാൻ പ്രശാന്ത് പ്രഹ്ളാദ് അധ്യക്ഷത വഹിച്ചു. ഗാന്ധി ദർശൻ വേദി സംസ്ഥാന സെക്രട്ടറി വിഎസ് ദിലീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.
ഉമ്മൻ ചാണ്ടിയുടെ പൊതു ജീവിതം ഗാന്ധിയൻ ദർശനത്തിൻ്റെ പ്രായോഗിക മാതൃകയായിരുന്നുവെന്നും ,രാഷ്ടീയ എതിരാളികളോടുപോലും സൗഹൃദവും മാനുഷിക സമീപനവും പുലർത്തിയ അദ്ദേഹത്തിൻ്റെ പ്രവർത്തന ശൈലി ഇന്നത്തെ രാഷ്ട്രീയ പ്രവർത്തകർക്കും ,യുവതലമുറയ്ക്കും മാതൃകയാണെന്നും ദിലീപ് കുമാർ പറഞ്ഞു.
ജില്ലാ ചെയർമാൻ എം എം ഷാജഹാൻ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി. ഉമ്മൻചാണ്ടി സാന്ത്വന സ്പർശ ശ്രേഷ്ഠ പുരസ്കാരം ജീവകാരുണ്യ പ്രവർത്തകനും എം.എസ്.എം ഐ .റ്റി.ഐ ഡയറക്ടറുമായ റവ. ഫാ.ഡോ: വർഗീസ് മഠത്തിക്കുന്നത്തിന് നൽകി ആദരിച്ചു.. പിറവം യുഡിഎഫ് ചെയർമാൻ ഷാജു ഇലഞ്ഞിമറ്റം, കെ.പി.ജി.ഡി ജില്ലാ ജനറൽ സെക്രട്ടറി പി കൃഷ്ണ മോഹൻ, ബ്ലോക്ക് ജനറൽ സെക്രട്ടറി സണ്ണി കണ്ണമേലിൽ, പ്രിയദർശിനി കൾച്ചറൽ ഫോറം ചെയർമാൻ വർഗീസ് തച്ചിലുകണ്ടം, കസ്തൂർബാഗാന്ധി ദർശൻ വേദി പിറവം മണ്ഡലം ചെയർപേഴ്സൺ കവിത എം കെ, കെ.പി.ജി.ഡി മണ്ഡലം ചെയർമാൻമാരായ സുനിൽ കള്ളാട്ടുകുഴിയിൽ, വർഗീസ് കരിപ്പാടം,കർഷക കോൺഗ്രസ് ഭാരവാഹി വർഗീസ് പിറവം, എൽസ എൽദോ എന്നിവർ സംസാരിച്ചു.
വയനാട് മൺസൂൺ മാരത്തോണിൽ കല്പറ്റയിൽ വെച്ച് നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മാരതോൺ താരം എവ്‌ലിൻ ജോ, നാട്യ കലാരംഗത്ത് സംസ്ഥാന തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മാസ്റ്റർ ഹരികൃഷ്നെ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.















