സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന് ലേണേഴ്സ് ടെസ്റ്റിനു ശേഷം ഒരു പരീക്ഷ കൂടി നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ് (MVD) പുതിയ ഉത്തരവിറക്കി. ‘ഹസാർഡ് പെർസെപ്ഷൻ’ (Hazard Perception) എന്നു പേരിട്ടിരിക്കുന്ന ഈ പരീക്ഷ അപകടങ്ങൾ കുറയ്ക്കുന്നതിനായി ഡ്രൈവർമാരുടെ ജാഗ്രത അളക്കാനാണ് ലക്ഷ്യമിടുന്നത്. ലേണേഴ്സ് ടെസ്റ്റ് വിജയിച്ച് 30 ദിവസത്തിന് ശേഷമായിരിക്കും ഈ പരീക്ഷ നടക്കുക.
വീഡിയോ ഗെയിം മാതൃകയിലായിരിക്കും ഹസാർഡ് ടെസ്റ്റ് രൂപകൽപ്പന ചെയ്യുന്നത്. 10 വീഡിയോ ക്ലിപ്പുകൾ അടങ്ങിയ ടെസ്റ്റിൽ ഓരോ വീഡിയോയ്ക്കും 10 മാർക്ക് വീതം ആകെ 100 മാർക്കായിരിക്കും നൽകുക. ഇതിൽ ലൈസൻസ് യോഗ്യത നേടാൻ കുറഞ്ഞത് 60 മാർക്ക് ലഭിക്കണം. പുതിയ പരിഷ്കാരത്തിന്റെ ഭാഗമായി ഡിസംബർ മാസം മുതൽ എല്ലാ ഡ്രൈവിങ് സ്കൂളുകളിലും ഹസാഡ് ടെസ്റ്റ് സംവിധാനം സ്ഥാപിക്കാൻ നിർദേശമുണ്ട്.
ഇതോടെ ലൈസൻസ് നേടുന്നതിനുള്ള പരീക്ഷാ ഘടന ലേണേഴ്സ്, ഹസാഡ് ടെസ്റ്റ്, ഗ്രൗണ്ട് ടെസ്റ്റ്, റോഡ് ടെസ്‌റ്റ് എന്നിങ്ങനെ നാല് ഘട്ടങ്ങളായി മാറും. ഡ്രൈവർമാരുടെ ശ്രദ്ധക്കുറവും ജാഗ്രതയില്ലായ്മയുമാണ് റോഡ് അപകടങ്ങൾ ഉയരാൻ പ്രധാന കാരണമെന്ന് ഗതാഗത കമ്മീഷണർ ചൂണ്ടിക്കാട്ടി. ഡിസംബർ ഒന്നു മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരും.















