നിപ സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രാമനാട്ടുകര സ്വദേശിയായ 43 വയസുകാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. സമ്പര്‍ക്ക പട്ടികയിലുള്ള നാലുപേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതിയതായി 13 പേരെക്കൂടി
സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. സമ്പര്‍ക്കപ്പട്ടികയിലുള്ള നാലുപേര്‍ക്ക് പനി ഉള്‍പ്പെടെയുള്ള ചില രോഗലക്ഷണങ്ങള്‍ കണ്ടതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് പുറത്തുവരുന്ന വിവരം.
ഹൈ റിസ്ക് ഗ്രൂപ്പില്‍പ്പെട്ട നാലുപേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുതുതായി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ 13 പേരും കുറഞ്ഞ റിസ്ക് മാത്രമുള്ളവരാണ്. ഹൈ റിസ്കില്‍പ്പെട്ട നാലുപേരും റിസ്ക് കൂടുതലുള്ള 14 പേരും കുറഞ്ഞ റിസ്കില്‍പ്പെട്ട 82 പേരുമാണ് ഇപ്പോള്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളത്.















