പാലാ: മാണി സി. കാപ്പൻ എംഎൽഎ രാജിവെക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫിന്റെ നേതൃത്വത്തിൽ പാലായിൽ വൻ പ്രതിഷേധ റാലിയും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. സാമ്പത്തിക തട്ടിപ്പ് കേസിൽ കോടതി ശിക്ഷിച്ച സാഹചര്യത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാണ് എൽഡിഎഫിന്റെ ആവശ്യം.
കെഎസ്ആർടിസി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ റാലിയിൽ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. റാലി എംഎൽഎ ഓഫീസിന് മുന്നിലെത്തിയതിനെ തുടർന്ന് സംഘടിപ്പിച്ച പ്രതിഷേധ യോഗം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്തു.
എൽഡിഎഫ് പാലാ മണ്ഡലം കൺവീനർ ബാബു കെ. ജോർജ് അധ്യക്ഷത വഹിച്ചു. എൽഡിഎഫ് നേതാക്കളായ സജേഷ് ശശി, ടോബിൻ കെ. അലക്സ്, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ബെന്നി മൈലാടൂർ എന്നിവർ സംസാരിച്ചു.

















