ഗുരുഗ്രാം: ഹരിയാനയിലെ വൈദ്യുതി ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് ഐ.ടി നഗരമായ ഗുരുഗ്രാമിൽ ജനജീവിതം സ്തംഭിച്ചു. തുടർച്ചയായ മൂന്ന് ദിവസമായി വൈദ്യുതിയും കുടിവെള്ള വിതരണവും പൂർണ്ണമായി തടസ്സപ്പെട്ടതോടെ കടുത്ത പ്രതിസന്ധിയിലാണ് ജനങ്ങൾ. ഒക്ടോബർ 22-ന് ആരംഭിച്ച സമരം ഗുരുഗ്രാമിന് പുറമെ ഫരീദാബാദ്, നൂഹ്, സോനിപത്, രേവാരി, കർണാൽ, അംബാല തുടങ്ങിയ ജില്ലകളെയും സാരമായി ബാധിച്ചിട്ടുണ്ട്.ബാറ്ററി ഇൻവെർട്ടറുകളിലെ ചാർജ് തീർന്നതോടെ കുടിവെള്ള പമ്പുകൾ പ്രവർത്തിപ്പിക്കാനാകാതെ ജനങ്ങൾ ദുരിതത്തിലായി.
സ്വകാര്യവൽക്കരണ നീക്കത്തിനെതിരെ സമരംഗുരുഗ്രാമിലും നൂഹിലും 25 വർഷത്തേക്ക് വൈദ്യുതി വിതരണത്തിന് സ്വകാര്യ കമ്പനിയായ ‘ഇലവൻ പവർ പ്രൈവറ്റ് ലിമിറ്റഡിന്’ സമാന്തര ലൈസൻസ് നൽകാൻ ഹരിയാന ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (HERC) തീരുമാനിച്ചതാണ് ജീവനക്കാരുടെ പ്രതിഷേധത്തിന് കാരണം. സ്വകാര്യവൽക്കരണം പൊതുമേഖലാ വിതരണ സ്ഥാപനങ്ങളെ തകർക്കുമെന്നും 40,000-ത്തോളം ജീവനക്കാരുടെ തൊഴിൽ സുരക്ഷയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് സമരം. ആയിരക്കണക്കിന് പരാതികൾ; ജനങ്ങൾ പ്രതിഷേധത്തിൽവെള്ളിയാഴ്ച മാത്രം 5,500-ലധികം പരാതികളാണ് ഗുരുഗ്രാമിൽ നിന്ന് വൈദ്യുതി വകുപ്പിന് ലഭിച്ചത്.
വർക്ക് ഫ്രം ഹോം ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും ദൈനംദിന ജീവിതം താറുമാറായി. കടുത്ത കുടിവെള്ള ക്ഷാമവും വൈദ്യുതി മുടങ്ങലും മൂലം രാജേന്ദ്ര പാർക്ക്, ഭീംഗഢ് ഖേരി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു.















