കടുത്തുരുത്തി: ഭവനങ്ങള്‍ പുരോഗതിയിലും നന്മയിലുമാകണമെങ്കില്‍ സ്ത്രീകള്‍ വിശുദ്ധിയുള്ളവരാകണമെന്ന് പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് കണിയോടിക്കൽ. കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ നടന്ന വനിതാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശുദ്ധിയിലും പ്രാര്‍ത്ഥനയിലും നിലനില്‍ക്കുന്ന സ്ത്രീകളാണ് കുട്ടികളെ കുടുംബത്തിനും സമൂഹത്തിനും നാടിനും പ്രയോജനപ്പെടുന്ന വിധത്തില്‍ വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മേളനത്തില്‍ ഫൊറോനാ വികാരി ഫാ. ജോണ്‍ പാളിത്തോട്ടം അധ്യക്ഷത വഹിച്ചു. മാന്നാനം കെഇ കോളജ് റിട്ട. പ്രഫസര്‍ ഡോ. റോസമ്മ സോണി വിഷയാവതരണവും സെമിനാറും നയിച്ചു. സഹവികാരി ഫാ. അബ്രാഹം പെരിയപ്പുറത്ത്, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ടിന്‍സ കൂന്താനം, ത്രേസ്യാമ്മ ചാമക്കാല തുടങ്ങിയവര്‍ സംസാരിച്ചു.
















