പാലാ: പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള സ്കൂളുകളിൽ, പാലാ സെന്റ് തോമസ് കോളേജിന്റെ ആഭിമുഖ്യത്തിൽ ഫെഡറൽ ബാങ്ക് സഹകരണത്തോടെ സംഘടിപ്പിക്കുന്ന സി.ഇ.എ.പി (CEAP) സൂപ്പർ ഇന്റർ സ്കൂൾ ഫുട്ബോൾ ലീഗിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് (നവംബർ 27) ഉച്ചകഴിഞ്ഞ് 3.30-ന് നടക്കും. ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ജോസ് കെ. മാണി എം.പി ഉദ്ഘാടനം നിർവഹിക്കും.
പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ മുഖ്യപ്രഭാഷണം നടത്തുന്ന യോഗത്തിൽ സ്കൂൾ മാനേജർ റവ. ഫാ. സഖറിയാസ് ആട്ടപ്പാട്ട് അധ്യക്ഷത വഹിക്കും. സ്കൂൾ പ്രിൻസിപ്പൽ ജോബി സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റർ ബെന്നിച്ചൻ പി.ഐ, പഞ്ചായത്ത് പ്രസിഡന്റ് സുധ ഷാജി, പി.ടി.എ പ്രസിഡന്റ് ജോസ് ജെ. തയ്യിൽ, സ്റ്റാഫ് സെക്രട്ടറി റോബിൻ പോൾ തുടങ്ങിയവർ പ്രസംഗിക്കും.
ലീഗ് റൗണ്ടിലേക്ക് എട്ട് ടീമുകൾ പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലുള്ള സ്കൂളുകളെ രണ്ട് സോണുകളായി തിരിച്ച് നടത്തിയ നോക്കൗട്ട് മത്സരങ്ങളിൽ നിന്നാണ് എട്ട് ടീമുകൾ ലീഗ് റൗണ്ടിലേക്ക് യോഗ്യത നേടിയത്. ഈ ടീമുകൾ പരസ്പരം ഹോം-എവേ (Home-Away) ക്രമത്തിൽ രണ്ട് തവണ വീതം ലീഗ് റൗണ്ടിൽ ഏറ്റുമുട്ടും.
ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, അറക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, രാമപുരം സെന്റ് അഗസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ, കാഞ്ഞിരത്താനം സെന്റ് ജോൺസ് ഹൈസ്കൂൾ, വടകര എൽ.എഫ് ഹൈസ്കൂൾ, വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂൾ, കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂൾ എന്നീ ടീമുകളാണ് ലീഗ് റൗണ്ടിൽ മാറ്റുരയ്ക്കുന്നത്.
















