പാലാ: സെന്റ് തോമസ് കോളേജ് പാലാ (ഓട്ടോണമസ്) ആതിഥേയത്വം വഹിക്കുന്ന 45-ാമത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ പുരുഷ വിഭാഗത്തിൽ ആതിഥേയരായ പാലാ സെന്റ് തോമസ് കോളേജ് ഫൈനലിൽ പ്രവേശിച്ചു.
ബുധനാഴ്ച വൈകിട്ട് 3 മണിക്ക് നടന്ന രണ്ടാം സെമിഫൈനലിൽ അഞ്ച് സെറ്റുകൾ നീണ്ട കടുത്ത പോരാട്ടത്തിനൊടുവിൽ കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് കീഴടക്കിയാണ് പാലാ ഫൈനൽ ബർത്ത് ഉറപ്പിച്ചത്. സ്കോർ: 25-14, 18-25, 23-25, 25-12, 15-9.
അതിനിടെ, ചാമ്പ്യൻഷിപ്പിന്റെ മൂന്നാം ദിനത്തിൽ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ ഡീപോൾ ഇൻസ്റ്റിറ്റ്യൂട്ട് അങ്കമാലി സെമി ഫൈനലിൽ കടന്നു. ശ്രീനാരായണ കോളേജ് ചേളന്നൂരിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് അങ്കമാലി വിജയം കൊയ്തത് (സ്കോർ: 25-22, 20-25, 28-26, 25-20).















