ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട് പാലാ കോടതിയുടെ വിധി സംസ്ഥാന സർക്കാരിന് തിരിച്ചടിയല്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. നടപടിക്രമങ്ങളിലെ വീഴ്ചയാണ് ഇപ്പോൾ ഉന്നയിക്കപ്പെട്ടതെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചല്ല വിധിയെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിൽ നിർമിക്കുന്ന ടൗൺഷിപ്പ് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകർക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ആദ്യഘട്ട വീടുകൾ ഫെബ്രുവരിയിൽ കൈമാറുമെന്ന് പറഞ്ഞ അദ്ദേഹം, ദുരന്തബാധിതർക്ക് താമസിക്കാൻ സജ്ജമായിട്ടായിരിക്കും വീടുകൾ കൈമാറുകയെന്നും വ്യക്തമാക്കി.
പുനരധിവസിപ്പിക്കേണ്ടവരുടെ അന്തിമ പട്ടിക തയ്യാറാക്കിയിട്ടില്ല. അപ്പീലുകൾ പരിഗണനയിലുണ്ട്. പുനരധിവാസത്തിനായി കർണാടക സർക്കാർ പ്രഖ്യാപിച്ചത് 20 കോടിയാണെങ്കിലും പത്ത് കോടി രൂപ മാത്രമാണ് തന്നതെന്നും അദ്ദേഹം പറഞ്ഞു.












