പാലാ: നഗരസഭയിലെ കൊട്ടാരമറ്റം 24-ാം വാർഡിനെ മാതൃകാ വാർഡാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ വാർഡ് കൗൺസിലർ ബിജു മാത്യു ഡിജിറ്റൽ ഹെൽപ് ലൈൻ സർവീസ് ആരംഭിച്ചു. കൗൺസിലറുടെ വീടിനോട് ചേർന്ന് സജ്ജീകരിച്ചിരിക്കുന്ന ഓഫീസ് ജനുവരി 1 മുതൽ പ്രവർത്തനം ആരംഭിച്ചു.
സർക്കാർ സേവനങ്ങൾക്കുള്ള ഓൺലൈൻ അപേക്ഷകൾ, വോട്ടർ പട്ടിക പുതുക്കൽ, സാമൂഹ്യക്ഷേമ പെൻഷൻ തുടങ്ങിയ വാർഡിലെ പൊതുവായതും വ്യക്തിപരമായതുമായ ആവശ്യങ്ങൾക്കും സംശയങ്ങൾക്കും ഈ ഓഫീസിൽ നിന്ന് സഹായം ലഭിക്കും. ഞായർ, പൊതു അവധി ദിവസങ്ങൾ ഒഴികെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് പ്രവർത്തന സമയം.
കമ്പ്യൂട്ടർ, നെറ്റ്വർക്ക് സംവിധാനങ്ങളോടൊപ്പം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക മൊബൈൽ ഫോൺ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കൗൺസിലറുടെ ഭാര്യ ഷുബിൻ തോമസ് ആണ് ഓഫീസിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കൊട്ടാരമറ്റം ബസ് സ്റ്റാൻഡ്, വൈക്കം റോഡ്, കോട്ടപ്പാലം ലിങ്ക് റോഡ് എന്നിവിടങ്ങളിൽ ഓഫീസിലേക്കുള്ള വഴികാട്ടി ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. പാലാ മീഡിയ അക്കാദമിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് കൗൺസിലർ ഇക്കാര്യം അറിയിച്ചത്.












