സാമൂഹിക പരിഷ്‌കർത്താവ് മന്നത്ത് പത്മനാഭന്റെ ജന്മവാർഷിക ദിനമാണ് ഇന്ന്. കേരളത്തിന്റെ നവോത്ഥാന നായകരിൽ പ്രമുഖ സാന്നിധ്യമായിരുന്നു മന്നത്ത് പത്മനാഭൻ. നായർ സർവീസ് സൊസെറ്റിയുടെ സ്ഥാപകനായ മന്നത്ത് പത്മനാഭൻ അനാചാരങ്ങൾക്കും ഉച്ചനീചത്വങ്ങൾക്കും എതിരെ അതിശക്തമായി പോരാടി.
സമുദായത്തിന്റെ വേലിക്കെട്ടുകൾക്കുള്ളിൽ ഒതുങ്ങാതെ, സാമൂഹിക ഐക്യത്തിനായി നിലകൊണ്ട കർമ്മയോഗിയായിരുന്നു മന്നത്ത് പത്മനാഭൻ. സമൂഹനന്മ ലക്ഷ്യം വച്ച് അക്ഷീണം പ്രവർത്തിച്ച സാമൂഹിക പരിഷ്‌കർത്താവായിരുന്നു മന്നം.
നേതൃപാടവം കൊണ്ടും സംഘടനാചാതുരി കൊണ്ടും ശ്രദ്ധേയനായ മന്നത്ത് പത്മനാഭൻ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയും ശക്തമായ നിലപാടാണ് എക്കാലത്തും സ്വീകരിച്ചത്. ജാതിമത വേർതിരിവില്ലാതെ എല്ലാവർക്കുമായി കുടുംബക്ഷേത്രം തുറന്നു നൽകിയായിരുന്നു മന്നത്തിന്റെ സാമൂഹിക ഇടപെടലുകളുടെ തുടക്കം.












