2025 ജൂൺ 01 ഞായർ 1199 ഇടവം 18
വാർത്തകൾ
🗞️👉 കോഴിക്കോട് വടകര ദേശീയ പാതയിലെ സർവ്വീസ് റോഡിലെ കുഴിയിൽ വീണ് ഓട്ടോറിക്ഷ ഡ്രൈവർക്ക് ദാരുണാന്ത്യം
കോഴിക്കോട് വടകര ദേശീയ പാതയിലെ സർവ്വീസ് റോഡിലെ കുഴിയിൽ വീണ് ഓട്ടോ റിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ന്യൂ മാഹി ചാലക്കര സ്വദേശി ചാലിൽ സി കെ പി റഫീഖ് ആണ് മരിച്ചത്. കുഞ്ഞിപ്പള്ളിയിലെ സർവ്വീസ് റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് കയറുന്നതിനിടെ ഓട്ടോറിക്ഷ റോഡിലെ കുഴിയിൽ വീഴുകയായിരുന്നു. വടകര ഭാഗത്തു നിന്നും മാഹി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽ പെട്ടത്.
🗞️👉 പാലക്കാട് വൻ ലഹരി മരുന്നു വേട്ട
പാലക്കാട് കോങ്ങാട് വൻ ലഹരി മരുന്നു വേട്ട. 1.300 കിലോഗ്രാം എംഡിഎംഎയുമായി 30 വയസ്സുള്ള യുവതിയും യുവാവും പിടിയിൽ. കണ്ണമ്പരിയാരം സ്വദേശി സുനിൽ,തൃശ്ശൂർ ഐക്കാട് സ്വദേശിനി സരിത എന്നിവരാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. എംഡിഎംഎ തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും,പണവും ഇവരിൽനിന്ന് കണ്ടെടുത്തു.
🗞️👉 പാകിസ്താന് വേണ്ടി ചാരപ്രവൃത്തി നടത്തിയ കേസ്; രാജ്യ വ്യാപക റെയ്ഡുമായി എൻഐഎ
പാകിസ്താന് വേണ്ടി ചാരപ്രവൃത്തി നടത്തിയ കേസിൽ രാജ്യ വ്യാപക റെയ്ഡുമായി എൻഐഎ. 8 സംസ്ഥാനങ്ങളിലെ 15 ഇടങ്ങളിലാണ് റെയ്ഡ്. ഡൽഹി, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ഹരിയാന, രാജസ്ഥാൻ, ഛത്തീസ്ഗഡ്, അസം എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇലക്ട്രോണിക് ഉപകരണങ്ങളും ഡോക്യുമെന്റുകളും റെയ്ഡിൽ പിടിച്ചെടുത്തു.
🗞️👉 യുദ്ധ തന്ത്രത്തിലെ പിഴവുകൾ മനസിലാക്കി, പരിഹരിച്ചു, തിരിച്ചടിച്ചു; സംയുക്ത സേനാ മേധാവി
പാകിസ്താനുമായുള്ള ഏറ്റുമുട്ടലിനിടെ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് സംയുക്ത സേനാ മേധാവി അനിൽ ചൗഹാൻ. യുദ്ധ തന്ത്രത്തിലെ പിഴവുകൾ മനസിലാക്കിയെന്നും അത് പരിഹരിച്ചെന്നും അനിൽ ചൗഹാൻ പറഞ്ഞു. സിംഗപ്പൂരിൽ ബ്ലൂംബെർഗ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് സംയുക്ത സേനാ മേധാവി അനിൽ ചൗഹാന്റെ പരാമർശം.
🗞️👉 വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി
തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്ന് മീൻപിടിത്തത്തിന് പോയി കടലിൽ അകപ്പെട്ട എട്ട് മത്സ്യത്തൊഴിലാളികൾ സുരക്ഷിതർ. ഇവരിൽ നാല് പേരെ കോസ്റ്റ് ഗാർഡ് തിരിച്ചെത്തിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയ നാല് പേരെ നാളെ പുലർച്ചെ വിഴിഞ്ഞത്ത് എത്തിക്കും.
🗞️👉 കനത്ത മഴക്കൊപ്പം അസാധാരണ കാറ്റും
സംസ്ഥാനത്ത് തുടരുന്ന ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബി നഷ്ടം കൂടി. കെ എസ് ഇ ബി യ്ക്ക് നഷ്ടം 164.46 കോടി രൂപ. 3,153 ഹൈടെൻഷൻ പോസ്റ്റുകൾക്ക് തകരാർ സംഭവിച്ചു. 23,339 ലോ ടെൻഷൻ പോസ്റ്റുകൾക്കും തകരാർ സംഭവിച്ചു. 2,826 ഹൈടെൻഷൻ ലൈനുകളും, 61,637 ലോ ടെൻഷൻ ലൈനുകളും പൊട്ടിവീണു. മേഖലയിൽ ഏകദേശം 164 കോടി 46 ലക്ഷം രൂപയുടെ നഷ്ടമാണ് ഇതുവരെ ഉണ്ടായത്. 81,99,992 ഉപഭോക്താക്കൾക്ക് വൈദ്യുതി തകരാർ സംഭവിച്ചു. ഇതിനോടകം 76,35,286 ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു നൽകാനായി.
🗞️👉 നിർത്തിയിട്ട റോ-റോയിൽ ഇടിച്ച് വാട്ടർ മെട്രോ
എറണാകുളം വൈപ്പിനിൽ നിർത്തിയിട്ട റോ-റോയിൽ വാട്ടർ മെട്രോ ഇടിച്ച് അപകടം. ശക്തമായ ഒഴുക്കിൽ ബോട്ടിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക സൂചന. ഒഴുക്കിൽപ്പെട്ട് സംഭവിച്ചത് എന്ന് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ കെഎംആർഎൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. വൈപ്പിൻ ജെട്ടിയിലേക്ക് ബോട്ട് അടുപ്പിക്കുന്നതിനിടെ ജെട്ടിയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന റോറോയിൽ തട്ടുകയായിരുന്നു. അപകടത്തിൽ ബോട്ടിന്റെ മുൻഭാഗത്താണ് കേടുപാടുകൾ സംഭവിച്ചിട്ടുള്ളത്.
🗞️👉 കേരളത്തിൽ കൊവിഡ് മരണം സ്ഥിരീകരിച്ചു! വ്യാപനം കൂടുതൽ കേരളത്തിൽ
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. 3395 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് വ്യാപനം കൂടുതൽ കേരളത്തിൽ. 24 മണിക്കൂറിനിടെ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1435 പേർ രോഗമുക്തരായി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.













