അരുത്; ഭരണഘടനയെ തൊട്ടുകളിക്കരുത്

Array

Date:

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയില്‍ നടന്ന സി.പി.എം.പരിപാടിയില്‍ മന്ത്രി സജി ചെറിയാന്‍ ഭരണഘടനയെ ഇടിച്ചുതാഴ്ത്തി സംസാരിച്ചതു വലിയ പ്രതിഷേധത്തിനും തുടര്‍ന്ന് അദ്ദേഹത്തിന്റെ രാജിയിലേക്കും വഴിതുറന്നു. നിയമം വഴി സ്ഥാപിതമായ ഭാരതത്തിന്റെ ഭരണഘടനയോട് നിര്‍വാജ്യമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്ന് സത്യപ്രതിജ്ഞചെയ്ത് അധികാരത്തിലേറിയ ഒരു മന്ത്രി തന്നെ അതേ ഭരണഘടനയെ നിന്ദിക്കുമ്പോള്‍ അത് കുറ്റകരവും ശിക്ഷാര്‍ഹവുമായിത്തീരുന്നുണ്ട്. ആ ബോധ്യം അല്പം വൈകിയാണെങ്കിലും ഉണ്ടായതിനാലാണ് മന്ത്രി രാജിവച്ചൊഴിഞ്ഞത്. 1971-ലെ ദേശീയപതാക-ഭരണഘടനാ അനാദരം സംബന്ധിച്ച ”ദ പ്രവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട്‌സ് ടു നാഷണല്‍ ഹോണര്‍ ആക്ട് 1971” പ്രകാരം ശിക്ഷാനടപടിക്ക് അര്‍ഹതയുള്ളതാണ് മന്ത്രിയുടെ വാക്കുകള്‍. നിയമമനുസരിച്ച് പൊതുസ്ഥലത്തോ അല്ലെങ്കില്‍ ഏതെങ്കിലുമൊരു സ്ഥലത്തോ ഭരണഘടനയെയോ ദേശീയപതാകയെയോ അപമാനിക്കുകയോ നിന്ദിക്കുകയോ അനാദരവ് കാണിക്കുകയോ ചെയ്താല്‍ മൂന്നുവര്‍ഷംവരെ തടവോ പിഴയോ രണ്ടുംകൂടിയോ ആണ് ശിക്ഷ. പോലീസിന് സ്വമേധയാ കേസെടുക്കാവുന്ന കൊഗിന്‍സിബിള്‍ ഒഫന്‍സ് (സഹജമായ കുറ്റം) കൂടിയാണിത്. ജനങ്ങളെ ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്നാണ് മന്ത്രി ഇന്ത്യന്‍ ഭരണഘടനയെ വിലയിരുത്തിയത്. ജനാധിപത്യം, മതേതരത്വം എന്നെല്ലാം ഭരണഘടനയില്‍ പറയുന്നതിനെ ഇകഴ്ത്താനായി കുന്തം, കുടച്ചക്രം എന്നിങ്ങനെ ആക്ഷേപവാക്കുകള്‍ മന്ത്രി ഉപയോഗിച്ചു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ ഭരണഘടനയുടെ മഹത്വത്തെക്കുറിച്ച് ആരെല്ലാം പറഞ്ഞാലും ഞാന്‍ സമ്മതിക്കില്ല എന്നുകൂടി സൂചിപ്പിച്ചുകൊണ്ടാണ് മന്ത്രി ഭരണഘടനയെ അധിക്ഷേപിക്കുന്നത്. ഭരണഘടനയുടെ അന്തസത്തയെയും ഉദ്ദേശലക്ഷ്യങ്ങളെയും അതു തയ്യാറാക്കിയ ശില്പികളെയുമൊക്കെ അപമാനിക്കുന്ന വിധമായി മന്ത്രിയില്‍ നിന്നുണ്ടായ പരാമര്‍ശങ്ങള്‍. ഭരണഘടന കേട്ടെഴുതിയത് എന്ന അക്ഷേപവും മന്ത്രി ഉന്നയിക്കുന്നുണ്ട്. ”ബ്രിട്ടീഷുകാരന്‍ പറഞ്ഞു തയ്യാറാക്കിക്കൊടുത്ത ഭരണഘടന ഇന്ത്യക്കാരന്‍ എഴുതിവച്ചു. ചൂഷണത്തെ ഏറ്റവും കൂടുതല്‍ അംഗീകരിച്ചിരുന്ന ഭരണഘടനയാണ് ഇത്.” മന്ത്രി പറഞ്ഞ വാക്കുകളാണിവ. ലോകത്ത് എഴുതപ്പെട്ടതില്‍ ഏറ്റവും വലുതും മികവുറ്റതുമായ ഭരണഘടനയെയും അതിന്റെ ശില്പികളെയുമാണ് മന്ത്രി ഈ വാക്കുകളിലൂടെ അപമാനിച്ചിരി ക്കുന്നത്. ഭരണഘടന രൂപംകൊണ്ട നാള്‍ വഴികളെക്കുറിച്ച് മന്ത്രി സ്വാഭാവികമായും അറിഞ്ഞിരിക്കണമായിരുന്നു. ഇന്ത്യക്ക് ഭരണഘടന നിര്‍മാണസഭ എന്ന ആശയം ആദ്യമായി നിര്‍ദ്ദേശിച്ചത് 1934-ല്‍ എം.എന്‍.റോയി എന്ന കമ്യൂണിസ്റ്റുകാരനാണ്. സ്വതന്ത്ര ഇന്ത്യക്ക് ബാഹ്യസ്വാധീനങ്ങളില്ലാത്ത ഒരു ഭരണഘടന തയ്യാറാക്കണമെന്ന് 1938-ല്‍ കോണ്‍ഗ്രസിനു വേണ്ടി ജവഹര്‍ലാല്‍ നെഹ്‌റു ആവശ്യപ്പെട്ടു. കാബിനറ്റ് മിഷന്‍ പ്ലാന്‍ അനുസരിച്ച് 1946-ല്‍ ഡിസംബര്‍ 6ന് ഭരണഘടന നിയമനിര്‍മാണസഭ നിലവില്‍വന്നു. ആകെ അംഗങ്ങള്‍ 389. കേരളത്തില്‍ നിന്ന് 17 പേര്‍. ആദ്യസമ്മേളനം 1946 ഡിസംബര്‍ 9ന്. ഭരണഘടന നിര്‍മാണസഭ രണ്ട്‌വര്‍ഷം 11 മാസം 18 ദിവസം കാലയളവില്‍ 11 തവണ സമ്മേളിച്ചു. 1947 ഓഗസ്റ്റ് 29ന് ഭരണഘടന കരട് നിര്‍മാണസമിതി ഡോ.ബി.ആര്‍. അംബേദ്കര്‍ അധ്യക്ഷനായി നിലവില്‍വന്നു. 60 രാജ്യങ്ങളുടെ ഭരണഘടനകള്‍ പഠനവിധേയമാക്കി. പത്തിലേറെ രാജ്യങ്ങളുടെ ഭരണഘടനകളില്‍ നിന്ന് ആശയങ്ങള്‍ സ്വീകരിച്ചു. 114 ദിവസം കരട് ഭരണ ഘടന ചര്‍ച്ചകള്‍ക്ക് വിധേയമാക്കി, 7,635 ഭേദഗതികള്‍ നിര്‍ദേശിക്കപ്പെട്ടു. 2,437 ഭേദഗതികള്‍ അംഗീകരിച്ചു. എല്ലാതലങ്ങളിലുംപെട്ട വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഈ നിയമസംഹിതയിലെ ഓരോ വാക്യത്തിനും അന്തിമരൂപം നല്കിയത്. വിശദമായ ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും പ്രായോഗികരൂപം കൊണ്ട ഭരണഘടനക്ക് 1949 നവംബര്‍ 26ന് അംഗീകാരം ലഭിച്ചു. 1950 ജനുവരി 26ന് ഭരണഘടന നിലവില്‍വന്നു. ഇത്രയേറെ ഘട്ടങ്ങളിലൂടെ കടന്നുപോയി രൂപകൊണ്ട ഭരണഘടനയെയാണ് ബ്രിട്ടീഷ്‌കാരന്‍ പറഞ്ഞുകൊടുത്ത് ഇന്ത്യക്കാരന്‍ എഴുതിവെച്ചതെന്ന് മന്ത്രി അധിക്ഷേപിച്ചത്. ചരിത്രവിരുദ്ധവും വസ്തുതാവിരുദ്ധവുമായ ഈ ദു:ഖകരമായ അജ്ഞത അക്ഷന്തവ്യമായ അപരാധമാണ്. ഭരണഘടനയെ അല്ല, മറിച്ച് ഭരണകൂടത്തിനെയാണ് വിമര്‍ശിച്ചതെന്ന് പറഞ്ഞ് മന്ത്രി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിരുന്നു. ഭരണകൂടം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ഭരണഘടനയുടെ കുഴപ്പമല്ല, അത് കൈകാര്യം ചെയ്യുന്നവരുടെ കുഴപ്പമാണ്. അതുകൊണ്ട് തന്നെ ഭരണഘടനയുടെ മുഖ്യശില്പിയായ ഡോ. ബി.ആര്‍ അംബേദ്കര്‍ അന്നേ പറഞ്ഞുവച്ചു ഭരണഘടന എത്ര നല്ലതായാലും അത് നടപ്പിലാക്കുന്നവര്‍ കൊള്ളില്ലെങ്കില്‍ നിഷ്ഫലമാകും. നല്ല ഭരണകര്‍ത്താക്കള്‍ ആണെങ്കില്‍ എത്രമോശം ഭരണഘടനയും മികവുറ്റതായി മാറും”. ഭരണഘടനയെന്ന രാഷ്ട്രീയപ്രമാണത്തെ അധികാരിവര്‍ഗം ജനവിരുദ്ധവും മനുഷ്വത്വരഹിതവുമായിത്തീര്‍ത്തേക്കാം എന്ന ചിന്ത ഭരണഘടനാ ശില്പികള്‍ക്കുണ്ടായിരുന്നു. ഇവിടെ ഭരണകൂടത്തെയല്ല, ഭരണഘടനയെത്തന്നെയാണ് മന്ത്രി നിന്ദിച്ചിരിക്കുന്നതെന്ന് മന്ത്രിയുടെ വാക്കുകള്‍ അസന്നിദ്ധമായി വ്യക്തമാക്കുന്നുണ്ട്. പ്രത്യേകിച്ച് വ്യാഖ്യാനത്തിന്റെ ആവശ്യമില്ലാത്ത സുതാര്യ വാചകങ്ങളാണ് മന്ത്രി പറഞ്ഞത്. നാടിന്റെ പൗരബോധത്തിന്റെയും ജനാധിപത്യബോധത്തിന്റെയും അളവുകോല്‍ പൊതുജീവിതത്തിലുള്ള ഓരോരുത്തരുടേയും നാവിലുണ്ടെന്ന തിരിച്ചറിവ് രാഷ്ട്രീയജീവിതത്തിന്റെ അടിസ്ഥാനദര്‍ശനം തന്നെയാണ്. ജനാധിപത്യപരവും ഭരണഘടനാപരവുമായ പദവി വഹിക്കുന്നയാള്‍ തന്റെ വീക്ഷണവും ഭാഷണവും വളരെ കരുതലോടെ നടത്തേണ്ടതുണ്ട്. മന്ത്രിയുടെ രാജി രാഷ്ട്രീയ-സാമൂഹിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഭാവിയിലേക്കുള്ള വലിയ പാഠമാണ്; തിരിച്ചറിവാണ്. ഭരണഘടനയിലാണ് നമ്മുടെ ജനാധിപത്യത്തിന്റെ ആധാരശിലയുള്ളത്. അതില്‍ തൊട്ടുകളിക്കരുത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...

മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി സമരസമിതി

ജുഡീഷ്യല്‍ കമ്മിഷനെ വെയ്ക്കുന്നത് പ്രശ്‌ന പരിഹാരം നീണ്ടുപോകാന്‍ ഇടയാക്കുമെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി....