ന്യൂഡൽഹി: പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി ലോക്സഭയിലെ എല്ലാ എം.പിമാർക്കും കോൺഗ്രസ് വിപ്പ് നൽകി. നവംബർ 30 മുതൽ ഡിസംബർ 3 വരെ സഭയിൽ നിർബന്ധമായും ഹാജരാകണമെന്നും പാർട്ടിയുടെ നിലപാടിനെ പിന്തുണയ്ക്കണമെന്നുമാണ് നിർദേശം. ലോക്സഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
മണ്ഡല പുനർനിർണയവുമായും വനിതാ സംവരണവുമായും ബന്ധപ്പെട്ട മൂന്ന് പ്രധാന ബില്ലുകൾ ഈ ദിവസങ്ങളിൽ ലോക്സഭയിൽ ചർച്ചയ്ക്കും വോട്ടെടുപ്പിനുമായി എത്തുന്ന പശ്ചാത്തലത്തിലാണ് നടപടി.
സഭയിൽ എത്തുന്ന പ്രധാന ബില്ലുകൾ ഭരണഘടന (നൂറ്റിമുപ്പത്തിരണ്ടാം ഭേദഗതി) ബിൽ 2026, കേന്ദ്രഭരണ പ്രദേശ നിയമ (ഭേദഗതി – രണ്ടാം) ബിൽ 2026, മണ്ഡല പുനർനിർണയ (രണ്ടാം) ബിൽ 2026 എന്നീ ബില്ലുകളാണ് തിങ്കൾ മുതൽ വ്യാഴം വരെ (നവംബർ 30, ഡിസംബർ 1, 2, 3) ലോക്സഭയിൽ പരിഗണിക്കുന്നത്. സഭ ചേരുന്ന ദിവസങ്ങളിൽ സഭാ നടപടികൾ അവസാനിക്കുന്നത് വരെ എം.പിമാർ സഭയിൽ ഉണ്ടായിരിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
















