ചെന്നൈ: മണ്ഡല പുനർനിർണയ ബില്ലുമായി ബന്ധപ്പെട്ട് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനെ കാണാൻ ചെന്നൈയിലേക്ക് പോകുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി. തമിഴ്നാടിന്റെയും രാജ്യത്തിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാനും ഭരണഘടന നിലനിർത്താനും ബില്ലിനെ ഒരുമിച്ച് എതിർക്കണമെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തുന്നത് ജനാധിപത്യത്തെ തകർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തമിഴ് വിരുദ്ധ ശക്തികൾക്കെതിരെ പാറ പോലെ ഉറച്ചുനിന്ന വ്യക്തിയാണ് സഹോദരനായ സ്റ്റാലിനെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
എന്നാൽ ബില്ലിനുള്ള പിന്തുണയിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന സൂചനയാണ് എം.കെ. സ്റ്റാലിൻ നൽകിയത്. തമിഴ്നാടിന്റെയും തമിഴ് ജനതയുടെയും താൽപ്പര്യങ്ങൾ മുൻനിർത്തിയാണ് എല്ലായ്പ്പോഴും തീരുമാനങ്ങളെടുക്കുന്നത്. ഈ പാതയിൽ നിന്ന് പിന്നോട്ടില്ലെന്നും ഒരു വിട്ടുവീഴ്ചയുമില്ലെന്നും ചരിത്രം തങ്ങളെ ഒറ്റുകാരായിട്ടല്ല, കട്ടബൊമ്മന്മാരായിട്ടാകും വിലയിരുത്തുകയെന്നും സ്റ്റാലിൻ എക്സിലൂടെ മറുപടി നൽകി.
അനുനയ ശ്രമങ്ങൾ വൈകിയെന്ന് ഡിഎംകെ സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ഇന്ത്യാസഖ്യ നേതാക്കളുടെ സന്ദർശനം മുൻകൂട്ടി അറിയിച്ചില്ലെന്നാണ് ഡിഎംകെ നേതൃത്വം പറയുന്നത്. നേതാക്കൾ വീട്ടിൽ വന്നാൽ സ്വീകരിക്കുമെന്നും എന്നാൽ അനുനയ ശ്രമം ഏറെ വൈകിപ്പോയെന്നും ഡിഎംകെ വൃത്തങ്ങൾ വ്യക്തമാക്കുന്നു. തമിഴ്നാട്ടിൽ കോൺഗ്രസ് പിന്നിൽ നിന്ന് കുത്തിയെന്ന വികാരം ഡിഎംകെയിൽ ശക്തമാണെന്നും മുൻപ് പല അവസരങ്ങളും കോൺഗ്രസ് ഇല്ലാതാക്കിയെന്നും ഡിഎംകെ നേതാക്കൾ കുറ്റപ്പെടുത്തി.
















