ഏറ്റുമാനൂർ: ഏറ്റുമാനൂർ ആർ.എസ്.ഡബ്ലിയു ഗവ. എൽ.പി സ്കൂളിൽ ‘സുരക്ഷിത് മാർഗ്’ റോഡ് സുരക്ഷാ പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി റോഡ് സുരക്ഷാ നിയമങ്ങൾ കുരുന്നുകൾക്ക് ലളിതമായി പകർന്നു നൽകി ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. കോട്ടയം തഹസിൽദാർ സിറിൽ സഞ്ജു ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് ജിനു മോൾ രാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഥമ അധ്യാപകൻ ലാൽജി കെ. ജോർജ് സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് അംഗവും സുരക്ഷിത് മാർഗ് കോഡിനേറ്ററുമായ ജിം അലക്സ്, എസ്.എം.സി ചെയർമാൻ ഷാജി പല്ലാട്ട്, അധ്യാപിക സുബി സി. ജോൺ എന്നിവർ സംസാരിച്ചു. പോപ്പുലർ മാരുതി സുസുക്കി ഡ്രൈവിംഗ് സ്കൂൾ മാനേജർ പ്രശാന്ത് പി.സി ക്ലാസിന് നേതൃത്വം നൽകി.
പദ്ധതിയുടെ ലക്ഷ്യം പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് കുറ്റൂക്കാരൻ ഗ്രൂപ്പ്, SiRST എന്നിവയുമായി ചേർന്ന് നടപ്പിലാക്കുന്ന സാമൂഹിക പ്രതിബദ്ധതാ റോഡ് സുരക്ഷാ ബോധവൽക്കരണ പദ്ധതിയാണ് ‘സുരക്ഷിത് മാർഗ്’. വിദ്യാർഥികളിലും പൊതുജനങ്ങളിലും ഗതാഗത നിയമങ്ങളെക്കുറിച്ചും സുരക്ഷിത യാത്രാശീലങ്ങളെക്കുറിച്ചും അവബോധം വളർത്തുക, കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും സുരക്ഷിത യാത്രയുടെ സന്ദേശം എത്തിച്ച് റോഡപകടങ്ങൾ കുറയ്ക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
















