പാലാ: പരിസ്ഥിതിലോല പ്രദേശ (ESA) വിഷയം, വാഗമൺ ഭൂദുരന്തം, ലഹരിവിരുദ്ധ പോരാട്ടം എന്നിവയുൾപ്പെടെ പാലാ രൂപതയുടെ പാസ്റ്ററൽ-പ്രെസ്ബിറ്ററൽ കൗൺസിലുകൾ അംഗീകരിച്ച പ്രമേയങ്ങൾക്കും പാലാ-കോട്ടയം മേഖലയിലെ ജനകീയ വിഷയങ്ങൾ ഉൾക്കൊള്ളുന്ന നിവേദനത്തിനും മുഖ്യമന്ത്രിയിൽ നിന്നും ആഭ്യന്തര മന്ത്രിയിൽ നിന്നും അനുകൂല പ്രതികരണം ലഭിച്ചു. വിഷയങ്ങളിൽ സമയബന്ധിതമായി ഇടപെടുമെന്ന് ഇരുവരും ഉറപ്പുനൽകി.
നവംബർ 25-ന് സെക്രട്ടേറിയറ്റിൽ എത്തിയാണ് പാലാ രൂപത പ്രതിനിധിസംഘം മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കണ്ട് പ്രമേയങ്ങളും നിവേദനവും സമർപ്പിച്ചത്. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നിർദേശപ്രകാരമായിരുന്നു പ്രതിനിധിസംഘത്തിന്റെ സന്ദർശനം.
പ്രതിനിധിസംഘത്തിലെ അംഗങ്ങൾ പാലാ രൂപത ചാൻസലർ റവ. ഫാ. ജോസഫ് കുറ്റിയാങ്കൽ, പ്രെസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി റവ. ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, പാസ്റ്ററൽ കൗൺസിൽ ചെയർമാൻ ഡോ. വി.പി. ദേവസ്യ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി അഡ്വ. സിജി ആന്റണി, പാസ്റ്ററൽ കൗൺസിൽ അംഗവും മുൻ എം.എൽ.എ.യുമായ ജോസഫ് വാഴയ്ക്കൻ എന്നിവരാണ് പ്രതിനിധിസംഘത്തിൽ ഉണ്ടായിരുന്നത്.
















