തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഇഷ്ടിക അടുപ്പുകൾക്ക് പകരം സ്റ്റീൽ അടുപ്പുകൾ ഉപയോഗിക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റിന്റേതാണെന്ന് തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി. രാജേഷ് വ്യക്തമാക്കി. ഇഷ്ടിക അടുപ്പുകൾക്ക് പകരം വെൽഡ് ചെയ്ത് രൂപപ്പെടുത്തിയ സ്റ്റീൽ അടുപ്പുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് ഒരാശയം മുന്നോട്ടു വയ്ക്കുക മാത്രമാണ് കഴിഞ്ഞ ദിവസം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങൾ വിവാദമാക്കേണ്ടതില്ലെന്നും ക്ഷേത്ര ട്രസ്റ്റും ഭക്തജനങ്ങളുമാണ് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതെന്നും മേയർ കൂട്ടിച്ചേർത്തു.
പൊങ്കാലയ്ക്ക് ഏത് അടുപ്പ് ഉപയോഗിക്കണം, എങ്ങനെയെല്ലാം ആചാരങ്ങൾ പാലിച്ച് പൊങ്കാല നടത്തണം എന്നതൊക്കെ അതുമായി ബന്ധപ്പെട്ട ക്ഷേത്ര ഭാരവാഹികളാണ് തീരുമാനമെടുക്കുന്നത്. അതിലൊന്നും കൈകടത്താൻ കോർപറേഷൻ തയ്യാറല്ല. പൊങ്കാലയ്ക്കെത്തുന്ന ഭക്തർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് കോർപറേഷന്റെ ചുമതലയെന്നും അത് കൃത്യമായി നിർവ്വഹിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്തർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ സുഗമമായി പൊങ്കാല നിർവ്വഹിക്കാനുള്ള സാഹചര്യം സൃഷ്ടിക്കും.
അടിസ്ഥാന സൗകര്യങ്ങളും കുടിവെള്ള ക്രമീകരണങ്ങളും കുടിവെള്ളമെത്തിക്കുന്നതിനും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും നഗരം വൃത്തിയായി സൂക്ഷിക്കുന്നതിനും മെഡിക്കൽ സേവനങ്ങൾ നൽകുന്നതിനും എല്ലാം നഗരസഭ മുന്നിൽ നിന്ന് പ്രവർത്തിക്കുമെന്ന് വി.വി. രാജേഷ് പറഞ്ഞു. ഫെബ്രുവരി 22-ന് നടക്കുന്ന പൊങ്കാല സുഗമവും സുരക്ഷിതവുമായി നടത്തുന്നതിനായി വളരെ നേരത്തെ തന്നെ കോർപറേഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ പൊങ്കാലയ്ക്ക് ചില പ്രദേശങ്ങളിൽ അനുഭവപ്പെട്ട കുടിവെള്ള ക്ഷാമം ആവർത്തിക്കാതിരിക്കാൻ വാട്ടർ അതോറിറ്റിയുമായി നഗരസഭ ചർച്ച നടത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക യോഗവും ചേരുമെന്നും മേയർ അറിയിച്ചു.
















