ഇടുക്കി: ചിന്നക്കനാലിൽ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള ‘മിഷൻ ചക്കക്കൊമ്പൻ’ ദൗത്യത്തിൽ രണ്ടാം ദിനം നിർണ്ണായക പുരോഗതി. ദൗത്യത്തിന്റെ തുടക്കത്തിൽ തന്നെ ചക്കക്കൊമ്പനെ കണ്ടെത്താൻ (ലൊക്കേറ്റ് ചെയ്യാൻ) വനംവകുപ്പ് സംഘത്തിന് സാധിച്ചു. നിലവിൽ ചെമ്പകത്തൊഴുകുടി സെറ്റിൽമെന്റ് ഭാഗത്തിന് സമീപമാണ് ആനയുള്ളത്.
രാവിലെ എട്ട് മണിക്ക് മുൻപായി ആനയെ കണ്ടെത്തുക എന്നതായിരുന്നു ദൗത്യസംഘത്തിന്റെ പ്രധാന ലക്ഷ്യം. ഇത് വിജയകരമായതോടെ ട്രാക്കിംഗ് ടീമും ഡ്രോൺ സംഘവും ആനയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ആനയെ മയക്കുവെടി വെക്കുന്നതിനായുള്ള ഡാർട്ടിംഗ് ടീം ഉടൻ തന്നെ മേഖലയിലേക്ക് പുറപ്പെടും.
ആറ് വാർഡുകളിൽ നിരോധനാജ്ഞ തുടരുന്നു സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിൽ ഇന്നും നിരോധനാജ്ഞ തുടരുകയാണ്. ദൗത്യത്തിന്റെ ആദ്യ ദിനമായ ഇന്നലെ വൈകുന്നേരം 3.38-ന് ചക്കക്കൊമ്പന് നേരെ മയക്കുവെടി വെച്ചിരുന്നുവെങ്കിലും, മയങ്ങാതെ നിന്ന കൊമ്പൻ കാട്ടിലേക്ക് ഓടിമറയുകയായിരുന്നു. പിന്നീട് ചിന്നക്കനാൽ കുടി സെറ്റിൽമെന്റ് ഭാഗത്താണ് ആനയെ അവസാനമായി കണ്ടത്. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ ചെമ്പകത്തൊഴുകുടി ഭാഗത്ത് ആനയെ വീണ്ടും കണ്ടെത്തിയത്.
















