തിരുവനന്തപുരം: കോൺഗ്രസിലെ ഗ്രൂപ്പ് പോരും സൈബർ ആക്രമണ വിവാദവും രൂക്ഷമാക്കി ഷാഫി പറമ്പിൽ എം.പിക്കും യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനുമെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എം.പി. തനിക്കും മകനുമെതിരെ നടക്കുന്ന ആസൂത്രിത സൈബർ ആക്രമണത്തിന് പിന്നിൽ അടൂർ കേന്ദ്രീകരിച്ചുള്ള സംഘമാണെന്നും, ആശാന് (ഷാഫി പറമ്പിൽ) വേണ്ടി ശിഷ്യൻ (രാഹുൽ മാങ്കൂട്ടത്തിൽ) കളത്തിലിറങ്ങിയിരിക്കുകയാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ മാധ്യമങ്ങളോട് പറഞ്ഞു.
ഷാഫി പറമ്പിൽ ‘എ’ ഗ്രൂപ്പിന്റെ ഭാഗമാണെന്ന് പറഞ്ഞാൽ അത് ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിരിക്കുമെന്നാണ് ഉണ്ണിത്താന്റെ പരിഹാസം. ഉമ്മൻചാണ്ടി സ്കൂൾ ഓഫ് പൊളിറ്റിക്സിന്റെ സർട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉമ്മൻചാണ്ടിയെ വേട്ടയാടിയ കാലത്ത് പ്രതിച്ഛായ ഭയന്ന് തലയിൽ മുണ്ടിട്ട് ഓടിയവരാണ് ഇപ്പോൾ അദ്ദേഹത്തിന് കുടപിടിക്കുന്നതെന്നും, അന്ന് ഉമ്മൻചാണ്ടിയെ പ്രതിരോധിക്കാൻ താനും ടി. സിദ്ദിഖും മാത്രമാണ് ഉണ്ടായിരുന്നതെന്നും ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി.
യൂത്ത് കോൺഗ്രസ് അധ്യക്ഷ നിയമനത്തിലും ഡയറി പരാമർശത്തിലും വെല്ലുവിളി തന്റെ അവസാന നാളുകളിൽ ബെംഗളൂരുവിൽ ചികിത്സയിലിരിക്കെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി മറ്റൊരാളുടെ പേരാണ് നിർദ്ദേശിച്ചിരുന്നതെന്നും, ആ കുറിപ്പടി ചവറ്റുകുട്ടയിലിട്ടാണ് രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനത്ത് കയറ്റിയതെന്നും ഉണ്ണിത്താൻ ആരോപിച്ചു.
തന്നെ അനാവശ്യമായി പ്രകോപിപ്പിക്കരുതെന്നും, ആശാനെയും ശിഷ്യനെയും കുറിച്ചുള്ള പല രഹസ്യങ്ങളും തന്റെ ഡയറിയിൽ കുറിച്ചുവെച്ചിട്ടുണ്ടെന്നും ഉണ്ണിത്താൻ മുന്നറിയിപ്പ് നൽകി. പനമ്പിള്ളി നഗറിലെ ഫ്ലാറ്റ്, 20-20 എന്ന വാഹന നമ്പർ എന്നിവ ക്ലൂ ആയി നൽകുന്നുവെന്നും, ആവശ്യം വന്നാൽ എല്ലാം തുറന്നുപറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ ഷാഫി പറമ്പിലിനെ പരസ്യ സംവാദത്തിന് വെല്ലുവിളിക്കുന്നതായും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.
















