ന്യൂഡൽഹി: കംപ്യൂട്ടറുകളിലും ലാപ്ടോപ്പുകളിലും വാട്സാപ്പ് വെബ് (WhatsApp Web) ലോഗിൻ ചെയ്ത ശേഷം ലോഗ് ഔട്ട് ചെയ്യാതെ പോകുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബർ സുരക്ഷാ വിഭാഗം. ഇത്തരത്തിൽ ലോഗിൻ ചെയ്തുവെക്കുന്ന
അക്കൗണ്ടുകളിലൂടെ സൈബർ കുറ്റവാളികൾക്ക് സ്വകാര്യ സംഭാഷണങ്ങൾ വായിക്കാനും കോൺടാക്ടുകൾ ചോർത്താനും അക്കൗണ്ടിന്റെ പൂർണ്ണ നിയന്ത്രണം കൈക്കലാക്കാനും സാധിക്കുമെന്ന് ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) ദേശീയ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്സ് യൂണിറ്റ് മുന്നറിയിപ്പ് നൽകി.
ഓഫീസ് കംപ്യൂട്ടറുകൾ, പൊതുസ്ഥലങ്ങളിലെ കംപ്യൂട്ടറുകൾ, മറ്റുള്ളവരുമായി പങ്കിട്ടുപയോഗിക്കുന്ന ലാപ്ടോപ്പുകൾ എന്നിവയിൽ വാട്സാപ്പ് വെബ് ഉപയോഗിക്കുന്നവരിലാണ് സുരക്ഷാ ഭീഷണി ഏറ്റവും കൂടുതൽ. ബ്രൗസർ ടാബ് അല്ലെങ്കിൽ വിൻഡോ ക്ലോസ് ചെയ്തതുകൊണ്ട് മാത്രം വാട്സാപ്പ് വെബ് സെഷൻ അവസാനിക്കില്ലെന്നും, ഓരോ ഉപയോഗത്തിന് ശേഷവും അക്കൗണ്ടിൽ നിന്ന് നേരിട്ട് (Manually) ലോഗ് ഔട്ട് ചെയ്യണമെന്നും ഏജൻസി വ്യക്തമാക്കുന്നു.
















