ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി (SIR) ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട അപ്പീലുകളിൽ, പട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ടവരുടെ പരാതികൾക്ക് പ്രഥമ പരിഗണന നൽകണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. അപ്പീലുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ആലോചിച്ച് അപ്പലേറ്റ് ട്രൈബ്യൂണലുകളുടെ എണ്ണം വർദ്ധിപ്പിക്കാനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ആകെ ലഭിച്ച 38.31 ലക്ഷം അപ്പീലുകളിൽ 22.21 ലക്ഷവും വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടവരുടേതാണ്. മറ്റുള്ളവരെ പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെയുള്ള അപ്പീലുകൾ പരിഗണിക്കുന്നത് തൽക്കാലം മാറ്റിവെക്കാനും കോടതി ഉത്തരവിട്ടു.
കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ അപ്പീലുകൾക്ക് പ്രത്യേക പരിഗണന വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ വോട്ടർമാരുടെ അപ്പീലുകൾക്ക് പ്രത്യേക മുൻഗണന നൽകി വേഗത്തിൽ തീർപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടവർക്ക് തങ്ങളുടെ ജനാധിപത്യ അവകാശം നഷ്ടപ്പെടാതിരിക്കാനാണ് കോടതിയുടെ നിർണ്ണായക ഇടപെടൽ.
















