തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു. മുഖ്യമന്ത്രിയുടെ ശൈലി മാറ്റം ശക്തമായി ഉന്നയിക്കാൻ കെ.സി വേണുഗോപാൽ പക്ഷവും എ ഗ്രൂപ്പും തീരുമാനിച്ചതോടെ കെ.സി – വി.ഡി സതീശൻ പക്ഷങ്ങൾ നേർക്കുനേർ പോരിലേക്ക് നീങ്ങുകയാണ്. ചർച്ച കൂടാതെയുള്ള
ഏകപക്ഷീയമായ തീരുമാനങ്ങൾ ഉണ്ടായാൽ മന്ത്രിസഭാ യോഗത്തിൽ (കാബിനറ്റ്) വീണ്ടും എതിർക്കാനാണ് കെ.സി പക്ഷത്തിന്റെ നീക്കം. സർക്കാരിനെ അസ്ഥിരപ്പെടുത്തുകയല്ല ലക്ഷ്യമെന്നും കൂട്ടായ ചർച്ചകൾക്ക് വേണ്ടിയാണ് ഈ നിലപാടെന്നുമാണ് കെ.സി പക്ഷത്തിന്റെ വാദം. എന്നാൽ, മന്ത്രിമാരെ ഇറക്കിയുള്ള നീക്കങ്ങൾ ആസൂത്രിതമാണെന്നും ഇതിൽ അസ്വാഭാവികതയുണ്ടെന്നും വി.ഡി സതീശൻ പക്ഷം ആരോപിക്കുന്നു.
കാബിനറ്റിലുണ്ടായ അസാധാരണ തർക്കം പഴയ എ-ഐ ഗ്രൂപ്പ് പോരിനെ ഓർമ്മിപ്പിക്കും വിധത്തിലേക്ക് വളർന്നിരിക്കുകയാണ്. തർക്കം ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചതെങ്കിലും ഇരുപക്ഷത്തും സമവായത്തിന്റെ സൂചനകളില്ല. മന്ത്രിസഭാ യോഗത്തിന് മുമ്പ് കെ.സി പക്ഷത്തെ മൂന്ന് മന്ത്രിമാർ രഹസ്യയോഗം ചേർന്ന് മുഖ്യമന്ത്രിയെ ലക്ഷ്യമിടാൻ തീരുമാനിച്ചെന്നാണ് വി.ഡി ഗ്രൂപ്പിന്റെ ഗുരുതര ആരോപണം. സർക്കാർ ആറാം മാസം തികയുന്ന ദിനം തന്നെ സർക്കാരിനെ കരിവാരിത്തേക്കലായിരുന്നു ഇതിന്റെ ലക്ഷ്യമെന്നും അവർ ആക്ഷേപിക്കുന്നു.
















