പാലാ: കേരള സ്റ്റേറ്റ് ലിറ്ററസി മിഷൻ അതോറിറ്റി മുൻ മെമ്പറും രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ അസോസിയേറ്റ് പ്രൊഫസറുമായിരുന്ന, പാലാ രൂപതാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പബ്ലിക് റിലേഷൻസ് ഓഫീസർ ഡാന്റീസ് കൂനാനിക്കൽ എഴുതിയ ‘കിവി നാടിന്റെ സുവിശേഷം’ എന്ന യാത്രാവിവരണാത്മക വൈജ്ഞാനിക പുസ്തകം പ്രകാശനം ചെയ്തു. വെള്ളിയാഴ്ച രാവിലെ ഒൻപതിന് പാലാ ബിഷപ്പ് ഹൗസിൽ നടന്ന ചടങ്ങിൽ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ചു. ജോസ് കെ. മാണി എം.പി ആദ്യപ്രതി ഏറ്റുവാങ്ങി.
ചടങ്ങിൽ വൈദിക ശ്രേഷ്ഠർ, ജനപ്രതിനിധികൾ, മാധ്യമ-കലാ-സാഹിത്യ-സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
ന്യൂസിലൻഡിന്റെ സവിശേഷതകളും സാധ്യതകളും സാഹചര്യങ്ങളും വിശദമായി പ്രതിപാദിക്കുന്ന പുസ്തകമാണിത്. മലയാളികൾക്കുള്ള തൊഴിൽ അവസരങ്ങൾ, വരുമാന ലഭ്യത, ജീവിതച്ചെലവുകൾ എന്നിവ വ്യക്തമാക്കുന്നതിനൊപ്പം കാർഷിക-വ്യവസായ രംഗത്തെ സഹകരണ മുന്നേറ്റവും വികസന രംഗത്തെ മാതൃകാ പ്രവർത്തനങ്ങളും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. പാലായിലെ വിവിധ ബുക്ക് സ്റ്റാളുകളിലും സ്ഥാപനങ്ങളിലും, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിലുള്ള ഇക്കോ ഷോപ്പിലും, പാലാ സാൻതോം ഫുഡ് ഫാക്ടറിയുടെ ‘പാലനോവ’ ഔട്ട്‌ലെറ്റിലും പുസ്തകം ലഭ്യമാണ്.
















