ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി സഖ്യമായിത്തന്നെ മത്സരിക്കുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. സംസ്ഥാനത്തെ ഇന്ത്യാ സഖ്യത്തിലെ പങ്കാളികളുമായി ചേർന്ന് ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ഡൽഹിയിൽ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവർ ഉത്തർപ്രദേശിലെ മുതിർന്ന നേതാക്കളുമായി തിരഞ്ഞെടുപ്പ് സാഹചര്യങ്ങൾ ചർച്ച ചെയ്തതിന് പിന്നാലെയാണ് സഖ്യം സംബന്ധിച്ച നിർണ്ണായക പ്രഖ്യാപനമുണ്ടായത്.
സമാജ്‌വാദി പാർട്ടിയുമായി (SP) സീറ്റ് ധാരണ ഇതുവരെ പൂർത്തിയായിട്ടില്ലെന്നും ചർച്ചകൾ വൈകാതെ ആരംഭിക്കുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി കോൺഗ്രസ് 181 സീറ്റുകൾ ആവശ്യപ്പെട്ടതായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 403 അംഗ നിയമസഭയിൽ 181 സീറ്റുകൾക്ക് പുറമെ, ഇന്ത്യാ മുന്നണിക്ക് ഭരണം ലഭിച്ചാൽ സർക്കാരിൽ തുല്യ പങ്കാളിത്തവും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, സഖ്യകക്ഷികളിൽ മാറ്റമുണ്ടാകില്ലെന്നും ഒറ്റക്കെട്ടായി ബി.ജെ.പിയെ നേരിടുമെന്നും അഖിലേഷ് യാദവ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കോൺഗ്രസ് ആവശ്യപ്പെട്ട അത്രയും സീറ്റുകൾ വിട്ടുനൽകാനാവില്ലെന്ന നിലപാടിലാണ് എസ്.പി. സീറ്റുകളുടെ എണ്ണത്തേക്കാൾ സ്ഥാനാർത്ഥികളുടെ വിജയസാധ്യതയ്ക്കാണ് മുൻഗണന നൽകുന്നതെന്ന് അഖിലേഷ് യാദവ് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.പിയിലെ 80 സീറ്റുകളിൽ 43 എണ്ണവും നേടി ഇന്ത്യാ മുന്നണി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അന്ന് 17 സീറ്റിൽ മത്സരിച്ച കോൺഗ്രസ് ആറിടത്തും എസ്.പി 37 സീറ്റുകളിലുമാണ് വിജയിച്ചത്.















