കൊച്ചി: സംസ്ഥാനത്ത് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ച ‘ജീവ-സുയാത്ര’ മിഷൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. എറണാകുളം ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത നടൻ മമ്മൂട്ടി മുഖ്യാതിഥിയായി പങ്കെടുത്തു. റോഡ് സുരക്ഷ വലിയൊരു ദൗത്യമാണെന്നും കേരളത്തിന് കൃത്യമായൊരു റോഡ് സംസ്കാരം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ട്രാഫിക് നിയമങ്ങൾ കർശനമാക്കുമെന്നും മുഖം നോക്കാതെ നടപടി സ്വീകരിക്കാൻ പൊലീസിന് പൂർണ്ണ സ്വാതന്ത്ര്യം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമം കർക്കശമാക്കുന്നതിന്റെ പേരിൽ ജനം സർക്കാരിന് എതിരായാൽ അതിന്റെ മുഴുവൻ ഉത്തരവാദിത്തവും താൻ ഏറ്റെടുക്കും. പൊലീസുകാർ ആരുടെയും ശുപാർശ കേൾക്കേണ്ടതില്ലെന്നും ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്തെ റോഡുകളിൽ പ്രകടമായ മാറ്റം ഉണ്ടാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വാഹനങ്ങളുടെ നിറത്തിലല്ല, അപകടകരമായ ഡെക്കറേഷനുകളിലാണ് പ്രശ്നമെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
റോഡ് അപകടങ്ങൾക്ക് പ്രധാന കാരണം മനുഷ്യസഹജമായ പിഴവുകളാണെന്ന് (Human Error) ചടങ്ങിൽ സംസാരിച്ച മമ്മൂട്ടി പറഞ്ഞു. റോഡിൽ പലരും നടക്കുന്നത് വീട്ടിൽ നടക്കുന്നത് പോലെയാണെന്നും നമ്മുടെ സുരക്ഷ മറ്റൊരാളുടെ കൈയിലല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അഭ്യാസപ്രകടനങ്ങൾ നടത്തേണ്ടത് റോഡിലല്ലെന്നും, വീട്ടിൽ നമ്മളെ കാത്തിരിക്കുന്നവർക്ക് വേണ്ടിയെങ്കിലും ഡ്രൈവിംഗിൽ ശ്രദ്ധ പുലർത്തണമെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. കുട്ടികളെ ചെറുപ്പം മുതലേ സിവിക് സെൻസ് പഠിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.















