ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA) തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന നിമിഷത്തെ പി.ടി. ഉഷയുടെ നാടകീയ നീക്കത്തിൽ അമ്പരന്ന് എതിർചേരി. സ്പോർട്സ് പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിംഗ് മെറിറ്റ് (SOM) തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ പുറത്താകുമെന്ന് കരുതിയ ഉഷ, ഐസ് ഹോക്കി അസോസിയേഷൻ ഓഫ് ഇന്ത്യയുടെ വനിതാ പ്രതിനിധിയായി ജനറൽ അസംബ്ലിയിൽ ഇടംപിടിച്ചതാണ് എതിരാളികളെ ഞെട്ടിച്ചത്. ഇതോടെ ദേശീയ കായിക ഫെഡറേഷൻ (NSF) പ്രതിനിധികൾ ഇന്ന് ഡൽഹിയിൽ അനൗദ്യോഗിക യോഗം ചേരുമെന്നാണ് സൂചന.
അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (AFI) പ്രതിനിധി പട്ടികയിൽ ഉഷയെ ഉൾപ്പെടുത്തിയിരുന്നില്ല. എസ്.ഒ.എം തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടതോടെ ഏതെങ്കിലും കായിക ഫെഡറേഷന്റെ പ്രതിനിധിയാവുക എന്നത് മാത്രമായിരുന്നു ഉഷയ്ക്ക് മുന്നിലുണ്ടായിരുന്ന ഏക വഴി. ഐസ് ഹോക്കി ഫെഡറേഷന്റെ നാമനിർദേശത്തിലൂടെ ഈ കടമ്പ മറികടന്നതോടെ ഡിസംബർ 5-ന് നടക്കുന്ന എക്സിക്യൂട്ടീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ ഉഷയ്ക്ക് യോഗ്യത ലഭിച്ചു.
കായിക സംഘടനാ പ്രതിനിധികളുടെ നാമനിർദേശത്തിന്മേൽ എതിർപ്പുകൾ അറിയിക്കാനുള്ള അവസാന ദിവസമാണ് ഇന്ന്. ഐസ് ഹോക്കി ഫെഡറേഷന്റെ തീരുമാനത്തിനെതിരെ പരാതി നൽകാൻ എതിർപക്ഷം നീക്കം നടത്തുന്നുണ്ട്. അതേസമയം, പ്രസിഡന്റ് സ്ഥാനത്തേക്ക് ഉഷ വീണ്ടും മത്സരിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഗഗൻ നാരംഗിന് തന്നെയാണ് ഇപ്പോഴും മുൻതൂക്കമെന്നാണ് ഒരു വിഭാഗം വിലയിരുത്തുന്നത്. ആദിൽ സുമരിവാലയും സൈന നെഹ്വാളും അടക്കമുള്ളവരുടെ പേരുകളും സജീവമാണ്.
ഇന്നലെ തിരുവനന്തപുരത്തെത്തി ബി.ജെ.പി നേതാക്കളെ കണ്ട ഉഷ ഇന്ന് ബംഗളൂരുവിലെത്തും. നവംബർ 26-ലെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (IOC) യോഗത്തിൽ 2036-ലെ ഒളിമ്പിക്സ് വേദിക്കായുള്ള ഇന്ത്യയുടെ അവതരണത്തിൽ നിന്ന് ഉഷ പിന്മാറുമോ എന്നും കായിക ലോകം ഉറ്റുനോക്കുന്നുണ്ട്.















