മഴ ലഭ്യതയിലുണ്ടായ കുറവും എഥനോൾ ഉൽപ്പാദനം വർധിച്ചതും കാരണം രാജ്യത്ത് ഈ സാമ്പത്തിക വർഷം അരി ഉൽപ്പാദനം കുറയുമെന്ന് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഒരു പതിറ്റാണ്ടിന് ശേഷമാണ് രാജ്യത്ത് അരി ഉൽപ്പാദനത്തിൽ ഇത്തരമൊരു ഇടിവ് രേഖപ്പെടുത്തുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2025-26) 15.4 കോടി ടൺ അരി ഉൽപ്പാദിപ്പിച്ച സ്ഥാനത്ത് ഈ വർഷം അത് 14.7 കോടി ടണ്ണായി കുറയുമെന്നാണ് നിഗമനം. ഇ-20 പെട്രോളിനായി (E20) എഥനോൾ ഉൽപ്പാദനം കൂട്ടിയതും മഴയുടെ ലഭ്യതക്കുറവുമാണ് പ്രധാന കാരണം. കരിമ്പ്, ചോളം എന്നിവയ്ക്ക് പുറമെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (FCI) സ്റ്റോക്കിലുള്ള അരിയും എഥനോൾ നിർമ്മാണത്തിനായി ഉപയോഗിക്കുന്നുണ്ട്.
അരി ഉൽപ്പാദനം കുറയുന്നതും എഥനോളിനായുള്ള ഉപയോഗവും പൊതുവിപണിയിൽ അരിവിലക്കയറ്റത്തിന് വഴിവെച്ചിട്ടുണ്ട്. പത്ത് വർഷം മുൻപ് കിലോയ്ക്ക് ശരാശരി 27 രൂപ മാത്രമായിരുന്ന അരിക്ക് നിലവിൽ ബ്രാൻഡഡ് മട്ട വടി അരിക്ക് 56 മുതൽ 85 രൂപ വരെയും പൊന്നി അരിക്ക് 65 മുതൽ 101 രൂപ വരെയുമാണ് വിപണിവില.















