ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്ക്ക് തിടുക്കമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെ, ശക്തമായ മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയി. അമേരിക്കയുടെയും ഇസ്രായേലിന്റെയും ഭാഗത്തുനിന്ന് വീണ്ടും ആക്രമണമുണ്ടായാൽ ഭൂമിശാസ്ത്രപരമായ അതിരുകളില്ലാതെ തിരിച്ചടിക്കുമെന്ന് മൊജ്തബ സായുധ സേനയ്ക്ക് നിർദ്ദേശം നൽകി.
പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും വൻ യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമാക്കുന്നതാണ് ഇരു രാജ്യങ്ങളുടെയും പരസ്പര പോർവിളികൾ.
വാഷിങ്ടണിൽ മാധ്യമങ്ങളോട് സംസാരിക്കവെ ഇറാനുമായുള്ള പോരാട്ടത്തെ ‘സാധാരണ യുദ്ധമല്ല’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇറാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സൈനികരുടെയും പോലീസിന്റെയും ശമ്പളം നൽകാൻ പോലും കഴിയാത്ത സാഹചര്യമാണെന്നും അവകാശപ്പെട്ട ട്രംപ്, ഏഴു മാസമായി തുടരുന്ന സംഘർഷത്തിൽ അമേരിക്കയ്ക്ക് ധൃതിയില്ലെന്നും കൂട്ടിച്ചേർത്തു. ഇതിനിടെ, പതിറ്റാണ്ടുകൾക്ക് ശേഷം അമേരിക്കൻ സൈനികർക്ക് കൂട്ടക്കുഴിമാടങ്ങൾ നിർമ്മിക്കാനുള്ള പരിശീലനം പുനരാരംഭിച്ചെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.
ഇറാന്റെ മുതിർന്ന സൈനിക കമാൻഡർമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മൊജ്തബ ഖമനേയി തിരിച്ചുപടിയുടെ സ്വഭാവം വ്യക്തമാക്കിയത്. ശത്രുക്കൾ വീണ്ടും ആക്രമിച്ചാൽ യുദ്ധം അവസാനിപ്പിക്കേണ്ട സമയവും സാഹചര്യവും ഇറാന് മാത്രമായിരിക്കും തീരുമാനിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. അക്രമിക്കാൻ അതിർത്തികൾ നോക്കേണ്ടതില്ലെന്നും സൈനിക സാങ്കേതിക വിദ്യ ശക്തിപ്പെടുത്താനും മൊജ്തബ നിർദ്ദേശം നൽകി.















